SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.54 AM IST

ഗൺമാൻമാരുടെ മർദ്ദനം രക്ഷാപ്രവർത്തനമല്ല, വധശ്രമം, ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി

1

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മർദ്ദിച്ചത് 'രക്ഷാപ്രവർത്തനം' അല്ലെന്നും വധശ്രമമാണെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഇന്നലെ വൈകിട്ടോടെ ഇ-മെയിലായി അയച്ച റിപ്പോർട്ട് ഇന്ന് പരിശോധിക്കുമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ 'കേരളകൗമുദി'യോട് പറഞ്ഞു.

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്നും ക്രിമിനൽ കുറ്റമാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കരിങ്കൊടി കാട്ടാനെത്തിയവരെ ലോക്കൽ പൊലീസ് പിടിച്ചുമാറ്റി വലയം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല.

ലാത്തി ഉപയോഗിക്കാൻ ഇവർക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ലാത്തിക്ക് സമരക്കാരുടെ തലയ്ക്കടക്കം അടിച്ചു. ഇത് വധശ്രമക്കുറ്റം ചുമത്താവുന്ന ക്രിമിനൽ നടപടിയാണ്. ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ്.എസും അടക്കം 5പൊലീസുകാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

സുരക്ഷാ മാന്വലിന് വിരുദ്ധമായ നടപടിയാണ് ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ട ഉദ്യോഗസ്ഥർ വി.ഐ.പി വാഹനം കടന്നുപോയ ശേഷം, വാഹനം നിറുത്തിയിറങ്ങി പ്രതിഷേധക്കാരെ മർദ്ദിക്കുകയായിരുന്നു. 2023ഡിസംബറിലായിരുന്നു സംഭവം. അഞ്ചുപേരെയും അറസ്റ്റു ചെയ്യാനും സസ്പെൻഡ് ചെയ്യാനും സാദ്ധ്യതയുണ്ട്.

എ.ഡി.ജി.പി ഇടപെടൽ

റിപ്പോർട്ടിൽ ഇല്ല

ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അന്നത്തെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഇടപെട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ എ.ഡി.ജി.പിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരാണ് എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഫയലുകൾ വാങ്ങി തിരുത്തിയതെന്നും സൂചനയുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ

ഇന്ന് പരിഗണിക്കും

ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ ഒന്നും രണ്ടും പ്രതികളായ അനിൽ കുമാറിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

മർദ്ദനത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനും കേസ് ഡയറിയിലുണ്ടായ തിരുത്തലിലടക്കം വ്യക്തത വരുത്താനും ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GUNMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA