
കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്ന് നൂറു മീറ്റർ അകലെ കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരനെ അജ്ഞാതൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം മുണ്ടയ്ക്കൽ ഊരമ്പള്ളി പത്മവിലാസത്തിൽ രാജേന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിന്റെ അവ്യക്തമായ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.
കൊല്ലം ഡി.സി.സി ഓഫീസിന് എതിർവശത്ത് ആർ.ഒ.ബിയുടെ സർവീസ് റോഡിന്റെ വക്കിലുള്ള കാർ സ്പെയർ പാർട്സ് കടയുടെ വരാന്തയിൽ ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. രാജേന്ദ്രൻ നഗരത്തിൽ കാൽനടയായി സഞ്ചരിച്ച് ലോട്ടറി വില്പന നടത്തുന്നയാളാണ്. പുലർച്ചെ എത്തിയ അജ്ഞാതൻ കിടന്നുറങ്ങുകയായിരുന്ന രാജേന്ദ്രന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഷർട്ട് ഉപയോഗിച്ച് രാജേന്ദ്രനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
തുടർന്ന് മൃതദേഹം കടയ്ക്കും മതിലിനും ഇടയിലേക്ക് മാറ്റിയശേഷം അവിടെ കിടന്ന പൈപ്പിൽ മൃതദേഹം കയർ ഉപയോഗിച്ച് കെട്ടി. മൃതദേഹം കൈലി ഉപയോഗിച്ച് മൂടിയശേഷം രാജേന്ദ്രന്റെ ബാഗുമായി പ്രതി കടക്കുകയായിരുന്നു. രാവിലെ കടയിലെ ജീവനക്കാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഈ കടയിലെ സി.സി ടിവി ക്യാമറ ഇന്നലെ പ്രവർത്തിച്ചിരുന്നില്ല. തൊട്ടടുത്തുള്ള മറ്റൊരു ക്യാമറയിൽ നിന്നാണ് അവ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതി എത്തിയത്കരുതിക്കൂട്ടി
ഏറെ വർഷമായി ബന്ധുക്കളുമായി അകന്ന് കഴിയുന്ന രാജേന്ദ്രൻ പല ദിവസങ്ങളിലും ഈ കടവരാന്തയിലാണ് രാത്രി ഉറങ്ങിയിരുന്നത്. ഇക്കാര്യം നേരത്തെ അറിയാവുന്ന പ്രതി കരുതുക്കൂട്ടി എത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശാരീരിക അവശതകൾ മൂലം അഗതിമന്ദിരത്തിൽ അഭയം തേടാനുള്ള ഒരുക്കത്തിലായിരുന്നു രാജേന്ദ്രനെന്ന് പരിചയമുള്ളവർ പറഞ്ഞു. രാജേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |