
കണ്ണൂർ: ചികിത്സാ പിഴവിൽ രോഗബാധിതനായ യുവാവിന്റെ പരാതിയിൽ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പനി ബാധിച്ച് ചികിത്സ തേടിയ ഉദയഗിരി സ്വദേശിയായ ടിമ്പർ ലോഡിംഗ് തൊഴിലാളി ഉദയഗിരി അരിവിളഞ്ഞ പൊയിൽ സ്വദേശി താഴത്തുകുന്നേൽ ഹൗസിൽ ജിനേഷ് ജോസിന്റെ (40) ഇരു കൈകളുടെയും ചലന ശേഷി നഷ്ടപ്പെടും വിധത്തിൽ കെട്ടിയിട്ട് ചികിത്സിച്ച് മാരകമായ മുറിവേൽപ്പിച്ച സംഭവത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
ഗുരുതരമായ ആരോപണങ്ങളാണ് ആശുപത്രിയിലെ ചികിത്സക്കെതിരെ യുവാവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. വിഷയത്തിൽ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി,മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ പരാതി നൽകി.
കഴിഞ്ഞ മാസം മാർച്ച് രണ്ടിനാണ് പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. 8ാം തീയതി വരെയുള്ള ചികിത്സക്കിടെയാണ് യുവാവിന്റെ കൈകളുടെ ചലനശേഷി വരെ നഷ്ടമാവും വിധമുള്ള സംഭവങ്ങളുണ്ടായത്. കൂട്ടിരിപ്പുകാരനിൽ നിന്നും രോഗി അക്രമാസക്തനാണെന്നും കെട്ടിയിട്ട് ചികിത്സ വേണമെന്നും പറഞ്ഞ് ഒപ്പിട്ട് വാങ്ങിയ ശേഷമാണ് ആശുപത്രി ഐ.സി.യുവിൽ ചികിത്സ തുടർന്നത്. രോഗിയെ പട്ടിയോ പൂച്ചയോ കടിച്ചിരുന്നോ എന്ന് രോഗിയുടെ കൂടെയുള്ള കൂട്ടിരിപ്പുകാരനോട് ഇടക്കിടെ ഡോക്ടർമാർ ചോദിച്ചതായും പരാതിയിൽ പറയുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്കിടെ ബോധം നഷ്ടമായ യുവാവിനെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മർദ്ദത്തിനൊടുവിലാണ് ഡിസ്ചാർജ് നൽകിയത്. തുടർന്ന് ആശുപത്രിയിൽ നിന്നും ഇരു കൈകളും കാലുകളും സ്‌ട്രെച്ചറിൽ കെട്ടി ഐ.സി.യു സൗകര്യമുള്ള ആംബുലൻസിലാണ് രോഗിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
മംഗലാപുരത്തെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇരുകൈകളുടെയും കക്ഷഭാഗത്ത് കെട്ടിയിട്ടതിനെ തുടർന്നുള്ള ഭീകരമായ മുറിവ് ബന്ധുക്കൾ ഉൾപ്പെടെ കാണുന്നത്. രണ്ട് ദിവസത്തെ ചികിത്സയോടെ സാധാരണ നില കൈവന്നെങ്കിലും ഇടതുകൈ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. രോഗി ഇപ്പോഴും ആയുർവേദ ചികിത്സ തുടർന്നു വരികയാണ്.
ഗുരുതരമായ ചികിത്സാ പിഴവ് വരുത്തിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്, മാനേജിംഗ് ഡയറക്ടർ, ചികിത്സിച്ച ഡോക്ടർമാർ എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഇപ്പോഴും രോഗാവസ്ഥയിൽ തുടരുന്ന യുവാവിന്റെ പിതാവ് മാണി താഴത്തുകുന്നേൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |