SignIn
Kerala Kaumudi Online
Monday, 25 May 2026 10.02 AM IST

ഡോക്ടർമാർക്ക് ഭീഷണി, പണം തട്ടൽ: ഗ്രേഡ് എസ്.ഐ മുജീബ് അറസ്റ്റിൽ

padam

കൊച്ചി: വനിതാ ഡോക്ടറോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവ ഡോക്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടി എന്നീ കേസുകളിൽ പ്രതിയായ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുജീബ് റഹ്മാൻ അറസ്റ്റിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. കേസെടുത്തതിനു പിന്നാലെ ഒളിവിൽപ്പോയ ഇയാൾ ഇന്നലെ രാവിലെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

എളമക്കര എസ്.എച്ച്.ഒയ്‌ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ മുജീബ് റഹ്മാൻ, താൻ പണം വാങ്ങിയിട്ടില്ലെന്നും ഡോക്ടറോട് മോശമായി പെരുമാറിയിട്ടില്ലെന്നും മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായാണ് ഡോക്ടറെ വിളിച്ചതെന്നും തന്നെ ആരെങ്കിലും കുടുക്കിയതാകാമെന്നുമാണ് ഇയാളുടെ വാദം.

കഴിഞ്ഞ ആഗസ്റ്റിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായ കേസ് അന്വേഷിച്ചത് മുജീബ് റഹ്മാനായിരുന്നു. പ്രതിയുടെ ഫോൺ കോൾ ലിസ്റ്റിൽ പേരുണ്ടെന്നു പറഞ്ഞാണ് ഇയാൾ ഡോക്ടർമാരെ സമീപിച്ചത്.

ലൈംഗിക താത്പര്യങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് മാസങ്ങളായി മുജീബ് ഭീഷണിപ്പെടുത്തുന്നതായി കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലുണ്ട്. ഈ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മുജീബിനെ എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തട്ടിയെന്ന പരാതിയുമായി 35 വയസുള്ള ഡോക്ടർ പൊലീസിനെ സമീപിച്ചത്. ഈ ഡോക്ടറെ ഒരു മാസത്തോളം നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ കേസിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ മുജീബ് ഒളിവിൽപ്പോയി. വ്യാപക തെരച്ചിലിനിടെയാണ് നോർത്ത് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ടുവരെ ചോദ്യംചെയ്തു. മുൻപും നിരവധി ആരോപണങ്ങൾ നേരിട്ട മുജീബ് റഹ്മാനെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. വകുപ്പുതല റിപ്പോർട്ടുകളും ഇയാൾക്കെതിരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY