മുംബയ്: ട്രെയിനിൽ രാത്രി സമയത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പാടില്ലെന്ന് റെയിൽവെ. രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ ട്രെയിനിലെ മൊബൈൽ ചാർജിംഗ് പോയിന്റുകളുടെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കാൻ റെയിൽവെ എല്ലാ സോണുകൾക്കും കർശന നിർദേശം നൽകി.
നിശ്ചിത സമയങ്ങളിൽ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് റെയിൽവെയുടെ മുന്നറിയിപ്പ്. ഈ ആറ് മണിക്കൂറിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് സംവിധാനം ഓഫാണെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം. ഇത് പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിൽ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മുംബയ് ലോക്കൽ ട്രെയിനിൽ യാത്രക്കാരൻ മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തിലത്തിലാണ് റെയിൽവെയുടെ ഈ അടിയന്തര നടപടി. ദാദറിൽ നിന്നും ബദ്ലാപൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുടർന്ന് കോച്ചിനുള്ളിൽ കനത്ത പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.
നേരത്തെ 2014 ജൂൺ 19 മുതൽ ട്രെയിനിൽ രാത്രികാല ചാർജിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബംഗളൂരു-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയായിരുന്നു നിയന്ത്രണമേർപ്പെടുത്തിയത്. പിന്നീട് 2021 മാർച്ചിലും ഈ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് റെയിൽവെ നിർദേശം നൽകിയിരുന്നെങ്കിലും ജീവനക്കാർ പാലിച്ചിരുന്നില്ല.
നിലവിലെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണം കർശനമായും നടപ്പിലാക്കാനൊരുങ്ങുന്നത്. അതിനാൽ രാത്രികാലങ്ങളിൽ ദീർഘദൂര യാത്രകൾക്ക് ഇറങ്ങുന്നവർ ട്രെയിനിൽ കയറുന്നതിന് മുൻപ് തന്നെ തങ്ങളുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിത് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് റെയിൽവെ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Indian Railways has directed all railway zones to switch off mobile charging points on trains between 11 PM and 5 AM. Staff must ensure that charging facilities in all coaches remain switched off during these six hours. Officials will also conduct inspections at stations to ensure strict compliance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |