SignIn
Kerala Kaumudi Online
Thursday, 29 October 2026 1.02 AM IST

 സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം എസ്.ഐ.ആറിനായി ഫോം 6,​7,​8 മാറ്റാനാകില്ല

d

ന്യൂഡൽഹി: എസ്.ഐ.ആറിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഫോമുകളിൽ മാറ്റം വരുത്താനാകില്ലെന്ന് സുപ്രീംകോടതി. 6,7,​8 ഫോമുകൾ കല്ലിൽക്കൊത്തിയതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെ‌ഞ്ച് നിരീക്ഷിച്ചു. ഡൽഹി എസ്.ഐ.ആറിൽ ഫോം 6 ചട്ടവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന പൊതുതാത്പര്യഹർജികളിൽ ഇടപ്പെട്ടപ്പോഴാണിത്. ഹർജിക്കാരുടെ ആകുലതകൾ കേട്ട കോടതി,​ തിരഞ്ഞെടുപ്പ് കമ്മിഷനോട്

രൂക്ഷമായ ചോദ്യങ്ങളുന്നയിച്ചു. എന്തിനാണ് ഫോം 6 വേണമെന്ന് നിർബന്ധിക്കുന്നത്? എന്യുമറേഷൻ ഫോം കിട്ടിയില്ലെങ്കിൽ വീടു മാറി പോയെന്നാണോ നിലപാടെടുക്കേണ്ടത്. എന്നിട്ട് ഫോം 6 പൂരിപ്പിച്ചുനൽകണമെന്നും ആവശ്യപ്പെടുന്നു. ഇതു തെറ്റാണെന്നും നിരീക്ഷിച്ചു. അതേസമയം, എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകാൻ വൈകിയതിന്റെ കാരണം ബോദ്ധ്യപ്പെടാൻ വോട്ട‌മാരിൽ നിന്ന് ഡിക്ലറേഷൻ എഴുതിവാങ്ങാൻ കമ്മിഷന് അധികാരമുണ്ട്.

പുതിയ വോട്ടർമാരെ ചേ‌ർക്കാൻ ഫോം 6ഉം,ഒഴിവാക്കാൻ ഫോം 7ഉം,മേൽവിലാസം മാറ്റാൻ ഫോം 8ഉം ആണ് ഉപയോഗിക്കുന്നത്. ഡൽഹിയിൽ 47 ലക്ഷത്തിലധികം പേരെ കരടുപട്ടികയിൽ നിന്ന് നീക്കിയിരുന്നു. അതിൽ 43 ലക്ഷം പേരെയും വീടുമാറിപോയെന്നു പറഞ്ഞാണ് ഒഴിവാക്കിയതെന്ന് ഹർജിയിൽ പറയുന്നു.

സ്ഥലത്തില്ലാതിരുന്നവർക്ക് എന്യുമറേഷൻ ഫോം ലഭിച്ചിട്ടില്ല. മറ്റൊരിടത്തേക്ക് മാറിയവർക്ക് മേൽവിലാസം മാറ്റാനുള്ള ഫോം 8ഉം അനുവദിക്കുന്നില്ല. പകരം കന്നി വോട്ടർമാരെ ചേ‌ർക്കാനുള്ള ഫോം 6 പൂരിപ്പിച്ചുനൽകണമെന്നാണ് ആവശ്യപ്പെടുന്നത്. മുൻപൊരിക്കലും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലെന്ന് പ്രഖ്യാപിക്കാൻ നിർബന്ധം പിടിക്കുന്നു. ജനപ്രാതിനിദ്ധ്യ നിയമപ്രകാരം വ്യാജ ഡിക്ലറേഷൻ നൽകുന്നത് ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഹർജിക്കാർ അറിയിച്ചു.

വോട്ടവകാശം

പ്രധാനം

വോട്ടവകാശം പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി,വോട്ടർ പ്രതികരിച്ചില്ലെങ്കിൽ എന്നന്നേക്കുമായി വോട്ട് നഷ്‌ടപ്പെടുമെന്നാണോയെന്ന് കമ്മിഷനോട് ചോദിച്ചു. ഫോമുകൾ പൂരിപ്പിച്ചു നൽകാത്തവർക്ക് അതുകൊടുക്കണം. അവരോട് ഫോം 6 ചോദിക്കരുത്. വീടു മാറിയവർക്ക് ഫോം 8 നൽകണം. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽ നിന്ന് രണ്ടുദിവസം മാറിനിൽക്കുന്നതിനെ 'സ്ഥിരമായി മാറിയെന്ന്' പറയാനാകില്ല. ഡൽഹിയിൽ അടുത്തെങ്ങും തിരഞ്ഞെടുപ്പില്ലാത്ത സാഹചര്യത്തിൽ എസ്.ഐ.ആറിന് ധൃതി വേണ്ട. പോരായ്‌മകൾ പരിഹരിക്കാനുള്ള സമയം നീട്ടുന്നത് കമ്മിഷൻ പരിഗണിക്കണമെന്നും താത്പര്യപ്പെട്ടു. ആശങ്കകൾ പരിശോധിക്കുമെന്നും നടപടികളെടുക്കുമെന്നും കമ്മിഷന്റെ അഭിഭാഷകൻ ശേഷാദ്രി നായിഡു പ്രതികരിച്ചു. വിഷയം രണ്ടാഴ്ചയ്‌ക്കുശേഷം വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360