
ന്യൂഡൽഹി: ഏഴു വർഷത്തിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കും. സെപ്‌തംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ബീജിംഗിൽ നടന്ന 25ാം വട്ട പ്രത്യേക പ്രതിനിധി ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
400 ഉദ്യോഗസ്ഥരടങ്ങുന്ന വൻ സംഘത്തോടൊപ്പമാകും ഷി എത്തുക. ഷിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ഹോട്ടൽ, സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പുകൾ തുടങ്ങിയതായി സൂചനയുണ്ട്. വ്യാപാരം, നേരിട്ടുള്ള വിമാന സർവീസ് തുടങ്ങിയവടക്കം ചർച്ചയായേക്കും. 2019ലായിരുന്നു ഏറ്റവുമൊടുവിൽ ഷി ഇന്ത്യയിലെത്തിയത്.
2024ലെ സൈനിക പിന്മാറ്റ ധാരണയ്ക്ക് ശേഷം ഇന്ത്യയും ചൈനയും ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിരുന്നു. വ്യാപാരം, നേരിട്ടുള്ള വിമാന സർവീസ്, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലും ബന്ധം പുനഃസ്ഥാപന നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ഡോവൽ- വാങ് യീ ചർച്ച
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സമാധാനം, സ്ഥിരത, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ എന്നിവ ചർച്ചയായി. വാങ് യീയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് വൈസ് പ്രസിഡന്റ് ഹാംഗ് ഷെംഗുമായും ഡോവൽ കൂടിക്കാഴ്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |