
ന്യൂഡൽഹി: രാജ്യത്തെ മിസൈൽ നിർമ്മാണത്തിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കാൻ തീരുമാനിച്ചതിന് പിന്നാലെ അവയുടെ സാങ്കേതിക വിദ്യയും കൈമാറാൻ അനുമതി. ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യയാണ് രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് കൈമാറുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് അനുമതി നൽകിയത്. അതേസമയം ആണവായുധ ശേഷിയുള്ളതും വിദേശ പങ്കാളിത്തമുള്ളതുമായ മിസൈലുകളുടെ നിർമ്മാണ സാങ്കേതിക വിദ്യ കൈമാറില്ല.
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആവശ്യമായ യോഗ്യതകൾ, സർട്ടിഫിക്കേഷൻ, സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവ പാലിക്കുന്ന സ്വകാര്യ കമ്പനികൾക്കാണ് മിസൈൽ നിർമ്മാണത്തിനായി സാങ്കേതികവിദ്യ കൈമാറുക. ടെൻഡറിലൂടെയാകും കമ്പനികളെ തിരഞ്ഞെടുക്കുക. ഈ കമ്പനികൾ ഡി.ആർ.ഡി.ഒയുമായി ചേർന്ന് സിസ്റ്റം ഇന്റഗ്രേഷനും ഉത്പാദനവും നടത്തും.
മിസൈൽ നിർമ്മാണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ, ഉപഘടകങ്ങൾ, പരിശോധന, വിതരണശൃംഖല തുടങ്ങിയ മേഖലകളിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) സാങ്കേതിക പങ്കാളികൾക്കും പുതിയ അവസരങ്ങൾ ലഭിക്കും. പാകിസ്ഥാൻ ചൈനയുടെ സഹായത്തോടെ ബഹിരാകാശ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതും റോക്കറ്റ് ഫോഴ്സ് കമാൻഡ് രൂപീകരിക്കുന്നതും കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.
റോക്കറ്റ് നിർമ്മാണം ഐ.എസ്.ആർ.ഒ സ്വാകാര്യ മേഖലയ്ക്ക് കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് മിസൈൽ നിർമ്മാണ സാങ്കേതിക വിദ്യ ഡി.ആർ.ഡി.ഒയും കൈമാറുന്നത്.
ആഭ്യന്തര ഉത്പാദന ശേഷി വർദ്ധിക്കും
ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകൾ വ്യാവസായികമായി വൻതോതിൽ നിർമ്മിക്കാൻ തീരുമാനം സഹായിക്കും. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ആഭ്യന്തര പ്രതിരോധ ഉത്പാദനശേഷി വർദ്ധിപ്പിക്കുക, സായുധസേനയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യം.
കൈമാറുന്നതും കൈമാറാത്തതും
1. ആകാശ്, അസ്ത്ര, രുദ്ര, നാഗ്, പ്രളയ് തുടങ്ങി, എയർ ടു എയർ, സർഫസ് ടു എയർ, ആൻഡി ടാങ്ക്, ആകാശ പ്രതിരോധം തുടങ്ങിയ പരമ്പരാഗത മിസൈൽ പദ്ധതികകളുടെ സാങ്കേതിക വിദ്യ കൈമാറും
2. ആണവായുധ ശേഷിയുള്ളതും(അഗ്നി ശ്രേണി, പൃഥ്വി-2, ശൗര്യ, ധനുഷ്, സാഗരിക, വജ്ര, ഷംഷേർ) വിദേശ പങ്കാളിത്തമുള്ളതുമായ(ബ്രഹ്മോസ്, ബരാക്-8) മിസൈലുകളുടെ സാങ്കേതിക വിദ്യ കൈമാറില്ല.
രാജ്യത്തിന്റെ 'ആത്മനിർഭർ ഭാരത്' പ്രതിരോധനയത്തിന് കരുത്തേകുന്ന തീരുമാനമാണിത്. വികസനത്തിൽ നിന്ന് ഉൽപാദനത്തിലേക്കുള്ള നിർണായക ചുവടവയ്പ്.
- രാജ്നാഥ് സിംഗ്, കേന്ദ്ര പ്രതിരോധമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |