
ആക്രമണം ദമാം എയർപോർട്ടിലും ഷൈബ എണ്ണപ്പാടത്തും
റിയാദ്: ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെ സൗദി അറേബ്യയിൽ ഇന്ത്യക്കാരനടക്കം നാലുപേർക്ക് ജീവാപായം. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഷൈബ എണ്ണപ്പാടത്തും മിസൈൽ, ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. രണ്ടിടത്തും രണ്ടുപേർ വീതമാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് കിഴക്കൻ സൗദിയിലെ കിംഗ് ഫഹദ് എയർപോർട്ടിൽ മിസൈൽ പതിച്ചത്. ഇന്ത്യൻ പൗരനുൾപ്പെടെ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാരനടക്കം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിറുത്തിവച്ച വിമാന സർവീസുകൾ ഇന്നലെ പുനഃരാരംഭിച്ചു. ഷൈബയിൽ ഫിലിപ്പീനോ, നേപ്പാളീസ് പൗരന്മാർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാകിസ്ഥാനിക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണ് അരാംകോയുടെ ഷൈബ എണ്ണപ്പാടത്ത് ആക്രമണമുണ്ടായത്. ഡ്രോണുകൾ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ പതിക്കും മുമ്പ് സൗദി വെടിവച്ചിട്ടു. എന്നാൽ ഭീമൻ അവശിഷ്ടങ്ങളിലൊന്ന് കരാർ തൊഴിലാളികളുടെ വാഹനത്തിൽ പതിച്ച് കത്തിയമരുകയായിരുന്നു.
പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉത്പാദന ശേഷിയുണ്ട് ഷൈബ എണ്ണപ്പാടത്തിന്. ദഹ്രാനിലെ ആസ്ഥാനത്ത് നിന്ന് ഒഴിയാൻ ജീവനക്കാർക്ക് അരാംകോ മുന്നറിയിപ്പ് നൽകി.
ഫലിക്കാതെ സൗദി പ്രത്യാക്രമണം
1. യെമനിൽ സർക്കാരും സൗദിയുടെ നേതൃത്വത്തിലെ സഖ്യസേനയും ബോംബാക്രമണങ്ങൾ ശക്തമാക്കിയിട്ടും ഹൂതികളെ ചെറുക്കാനായിട്ടില്ല. ഷബ്വയിൽ ഈ ആഴ്ച ആദ്യമുണ്ടായ ഹൂതി ആക്രമണത്തിൽ 70 സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു
2. സർക്കാർ നിയന്ത്രണത്തിലുള്ള എദൻ എയർപോർട്ടിന് സമീപവും ആക്രമണമുണ്ടായി. തൈസിലെ ജബൽ ഹാൻ പർവ്വതപ്രദേശം ഹൂതികൾ പിടിച്ചെടുത്തു. മരീബിൽ സഖ്യസേനയുടെ വാഹനങ്ങൾ കത്തിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടു
3. 24 മണിക്കൂറിനിടെ സനാ നഗരം അടക്കം 60 ലേറെ ഹൂതി കേന്ദ്രങ്ങളിൽ ബോംബിട്ടെന്ന് സൗദി അറിയിച്ചു. സാധാരണക്കാരെ കൊല്ലുകയാണെന്നാണ് ഹൂതികൾ ആരോപിക്കുന്നത്
4. സൗദിക്ക് യുദ്ധ വിമാനങ്ങൾ നൽകുന്നത് ഈജിപ്റ്റിന്റെ പരിഗണനയിൽ. സൗദിയിൽ സൈന്യത്തെ വിന്യസിക്കാൻ തുർക്കി സർക്കാർ പാർലമെന്റിന്റെ അനുമതി തേടി
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചാലുടൻ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു
അവശ്യസേവനത്തിൽപ്പെടാത്ത തങ്ങളുടെ എല്ലാ നയതന്ത്രജ്ഞരും കുടുംബാംഗങ്ങളും അടിയന്തരമായി സൗദി വിടാൻ യു.എസ് നിർദ്ദേശം നൽകി
ഹോർമുസിൽ ഇന്ത്യൻ നാവികർ സുരക്ഷിതർ
ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം നേരിട്ട എം.ടി അൽ ദാസ്മ കപ്പലിലെ (കുവൈറ്റ്) 21 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്. 7 കപ്പലുകളാണ് ബുധനാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്.
ചർച്ച ചെയ്ത് മോദിയും നെതന്യാഹുവും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി. ചർച്ചയും നയതന്ത്രവുമാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിലുള്ള വഴിയെന്ന് മോദി ആവർത്തിച്ചു. അതേസമയം, ഫ്ളൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനൊപ്പം സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ നെതന്യാഹു ഔദ്യോഗികമായി ഇസ്രയേലിലേക്ക് ക്ഷണിച്ചു. തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരുനേതാക്കളും ധാരണയായി.
സൗദിയിലെ സിവിലിയൻ, ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. സൗദിക്കൊപ്പമാണ് ഇന്ത്യ
- വിദേശകാര്യ മന്ത്രാലയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |