
ആറന്മുള : ആറന്മുള - ചെങ്ങന്നൂർ - മാന്നാർ ജലപാത ഉപയോഗപ്പെടുത്തി ജില്ലയ്ക്കായി ഒരുക്കിയ സ്പിരിച്ച്വൽ ടൂറിസം പദ്ധതി തുടക്കത്തിലെ ഒടുങ്ങി. പമ്പാനദിയിലൂടെയുള്ള ബോട്ട് യാത്രയും പമ്പാതീരത്തെ ആത്മീയ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള സഞ്ചാരവുമായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആറന്മുളയിലെത്തി പദ്ധതിയുടെ പ്രഖ്യാപനവും നടത്തിയതാണ്. പദ്ധതിയുടെ റിപ്പോർട്ട് സർക്കാർ ചുമതലടുത്തിയ ഏജൻസി തയ്യാറാക്കി നൽകിയിരുന്നു.
1920 ലെ തിരുവിതാംകൂർ പബ്ളിക് കനാൽസ് ആൻഡ് ഫെറീസ് ആക്ട് അനുസരിച്ചാണ് കേരളത്തിൽ യാത്രാ ബോട്ടുകൾക്ക് സഞ്ചാരാനുമതി നൽകിയിരുന്നത് . ഇതിൽ പമ്പാനദി ഇല്ലാതിരുന്നതിനാൽ യാത്രാബോട്ട് സർവീസിന് അനുമതിയില്ലായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കനാൽസ് ആൻഡ് ഫെറീസ് ആക്ടിൽ ഭേദഗതിവരുത്തി, ആറന്മുള മുതൽ ചെങ്ങന്നൂർ വരെ യാത്രാബോട്ട് സർവീസ് നടത്തുന്നതിന് അനുമതി നൽകി.
വള്ളസദ്യ, വള്ളംകളി സമയങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി ബോട്ടുപയോഗിക്കാൻ മാത്രമായിരുന്നു മുമ്പ് അനുവാദം. പമ്പാനദിയിൽ ബോട്ട് സർവീസിന് അനുമതി വേണമെന്ന ആവശ്യവുമായി ആറന്മുള വികസന സമിതി അന്നത്തെ മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് പമ്പാ നദിയെ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം കഴിഞ്ഞവർഷം ആറന്മുള വള്ളസദ്യകാലത്ത് സർവീസ് നടത്തുകയും ചെയ്തു. എന്നാൽ ബോട്ടുജെട്ടി അടക്കമുള്ള സൗകര്യമില്ലാത്തതിനാൽ സർവീസ് മുടങ്ങി.
തടസമായത് ജെട്ടികൾ
ആറന്മുള - ചെങ്ങന്നൂർ ജലപാതയിൽ ബോട്ടുജെട്ടികൾ തയ്യാറാക്കുന്നതിലെ വർദ്ധിച്ച ചെലവുകളാണ് പദ്ധതിക്ക് തടസമായത്. പത്ത് കടവുകളിൽ ജെട്ടികൾ നിർമ്മിക്കണമെന്നായിരുന്നു പഠനം നടത്തിയ ഏജൻസിയുടെ റിപ്പോർട്ട്. നദിയിലെ ജലനിരപ്പ് എല്ലാപ്പോഴും ക്രമമല്ലാത്തതിനാൽ പലതട്ടുകളായി ജെട്ടി നിർമ്മിക്കേണ്ടി വരുന്നത് ചെലവ് വർദ്ധിക്കാൻ കാരണമാകുമെന്നായിരുന്നു കണ്ടെത്തൽ. ജെട്ടിയ്ക്കായി സ്ഥലം കണ്ടത്തേണ്ടതും പദ്ധതിക്ക് തിരിച്ചടിയായി.
ജലപാതയിൽ കാണാം...
നിരണം വലിയപള്ളി , പരുമല പള്ളി, പനയന്നാർകാവ് ദേവീ ക്ഷേത്രം , ചക്കുളത്ത്കാവ് ദേവീക്ഷേത്രം , മാന്നാർ വെങ്കല വ്യവസായ കേന്ദ്രം , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ നരസിംഹ സ്വാമി ക്ഷേത്രം , പുത്തൻകാവ് പള്ളി , ആദി പമ്പയുടെ ഉത്‌ഭവസ്ഥാനം , വിളക്കുമാടം കൊട്ടാരം, തിരുവോണത്തോണി ,പാർത്ഥസാരഥി ക്ഷേത്രം.
30 കിലോമീറ്റർ ജലസഞ്ചാരം
പമ്പയുടെ സംരക്ഷണത്തിനും ടൂറിസത്തിനും കേന്ദ്ര സർക്കാർ സഹായത്തോടെ പദ്ധതി നടപ്പിലാക്കാൻ ശ്രമമുണ്ടാകണം.
ആറൻമുള നിവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |