പന്തളം: പ്രാഥമാകാവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ലാതെ പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ജീവനക്കാരും ഇവിടെയെത്തുന്ന യാത്രക്കാരും ദുരിതത്തിൽ. സമീപ സ്റ്റാൻഡുകളെ അപേക്ഷിച്ച് ഒരു പരിഗണനയും ലഭിക്കാത്ത സ്റ്റാൻഡായി മാറിയിരിക്കുകയാണ് പന്തളം. കേരളത്തിലേതന്നെ ഏറ്റവും കൂടുതൽ സ്ഥലമുള്ള ബസ് സ്റ്റാന്റാണ് ഇത്. പക്ഷേ സൗകര്യത്തിന്റെ കാര്യത്തിൽ വട്ട പൂജ്യം. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ മാത്രമല്ല, ജീവനക്കാരും അസൗകര്യത്തിൽ വീർപ്പുമുട്ടുകയാണ്. പന്തളത്തെ ഗാരേജിന്റെ അവസ്ഥ സ്റ്റാൻഡിനേക്കാൾ പരിതാപകരമാണ്. രണ്ട് മാസം മുമ്പ് ഗാരേജിന് പിന്നിലുള്ള പറമ്പിലെ മരം മേൽക്കൂരയിൽ വീണതോടെ ഷീറ്റുതകർന്ന് വെള്ളം ഗാരേജിനുള്ളിലേക്കാണ് എത്തുന്നത്. വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. യന്ത്രങ്ങൾ തകരാറിലായതോടെ ടയറിന് കാറ്റടിക്കാനും അത്യാവശ്യം അറ്റകുറ്റപ്പണികൾ ചെയ്യാനും അടൂർ ഡിപ്പോയിൽ എത്തേണ്ട സ്ഥിതിയാണ്. സ്റ്റാൻഡിന്റെ വടക്കേ അറ്റത്ത് കാടുപിടിച്ച് വനത്തിന് തുല്യമായി കിടക്കുന്ന സ്ഥലത്തോടുചേർന്നാണ് ഗാരേജുള്ളത്. സ്ഥിരം ജീവനക്കാരും താത്കാലിക ജോലിക്കാരനും ഉൾപ്പെടെ ഒൻപതുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഗാരേജിലെ ഇഴജന്തുക്കൾക്കും തെരുവ് നായ്ക്കൾക്കും ഒപ്പമാണ് ഇവരുടെ വാസം. ടോർച്ചോ, ഹെഡ്ലൈറ്റോ വേണം രാത്രിസമയത്ത് വണ്ടിയുടെ അറ്റകുറ്റപ്പണി നടത്താൻ. പലതവണ പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. നഗരസഭ അളന്നുതിരിച്ചപ്പോൾ ടോയ്ലെറ്റ് കെ.എസ്.ആർ.ടി.സിയുടെ മൈതാനത്തിന് പുറത്തായി. അഞ്ചുമണിയാകുമ്പോൾ ഓഫീസ് അടയ്ക്കുംപോലെ ടോയ്ലെറ്റ് അടച്ചുപൂട്ടി ജീവനക്കാർ മടങ്ങും. എല്ലാം സ്മാർട്ടായിട്ടും 1983ൽ തുടങ്ങിയ പന്തളം ബസ് സ്റ്റാൻഡ് മാത്രം സ്മാർട്ടായില്ല. അന്നുമുതൽ അനുഭവിക്കുന്നതാണ് ദുരിതം.
സർവീസുകൾ വെട്ടിച്ചുരുക്കി
പ്രധാന ശബരിമല ഇടത്താവളമായ പന്തളത്തുനിന്നും ആകെയുണ്ടായിരുന്ന ഒരു പമ്പ ബസ്, പെരുമൺ സർവീസ്, കോഴഞ്ചേരി, എരുമേലി, ചേരിക്കൽ, ഹരിപ്പാട് തുടങ്ങിയ സർവീസുകളെല്ലാം നിറുത്തി. ശബരിമല മണ്ഡലകാലത്തും നട തുറന്നിരിക്കുന്ന സമയത്തും പ്രധാന തീർത്ഥാടന കേന്ദ്രമായ പന്തളത്തുനിന്നും ആകെയുണ്ടായിരുന്നത് ഒരു പമ്പ ബസ് നിറുത്തലാക്കിയതാണ് ഏറ്റവും ഒടുവിലുണ്ടായ വികസനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |