കേളകം: അടക്കാത്തോട് - കരിയംകാപ്പ്- നാരങ്ങാത്തട്ട് റോഡിൽ പുലി റോഡ് മുറിച്ച് കടക്കുന്നതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രി 8 മണിയോടെ, പ്രദേശവാസിയായ യൂസഫ് സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും പുലി റോഡ് മുറിച്ചു കടന്ന് സമീപത്തെ തോട്ടത്തിലേക്ക് മറയുന്നതായി കണ്ടതെന്ന് പറയുന്നത്. ഉടൻ തന്നെ വാർഡ് മെമ്പർ അബ്ദുൽ സലാമിനെയും നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി നടത്തിയ പ്രാഥമികപരിശോധനയിൽ റോഡരികിലെ മണ്ണിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി. ഇതോടെ ഇന്നലെ പുലർച്ച വരെ വനപാലകരും നാട്ടുകാരും ചേർന്ന് സമീപത്തെ തോട്ടങ്ങളിലും വിജനമായ പ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വാർഡ് മെമ്പർ അബ്ദുൽ സലാം പറഞ്ഞു.
ജനവാസ മേഖലയിൽ പുലിയിറങ്ങിയ വാർത്ത പരന്നതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും രാത്രികാല പട്രോളിംഗ് നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |