മലപ്പുറം: പ്രതിമാസം 100ഓളം ശസ്ത്രക്രിയകൾ നടന്നിരുന്ന മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിലവിൽ വിരലിലെണ്ണാവുന്നവയായി ചുരുങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെയാണ് മലപ്പുറം താലൂക്ക് ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി താലൂക്ക് ആശുപത്രി സംരക്ഷണ സമിതി വീണ്ടും രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ തകർന്ന് വീഴാറായ കെട്ടിടത്തിന്റെ ഒരുഭാഗം അധികൃതർ പൊളിച്ചുനീക്കി. എന്നാൽ, പകരം സംവിധാനങ്ങൾ കാര്യക്ഷമമാക്കാത്തതും കെട്ടിടത്തിന്റെ ഭാഗികമായ പൊളിക്കലും കാരണം ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ച് തടസ്സപ്പെട്ട ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.
ഓഫീസ് ടൈം മെഡിക്കൽ സ്റ്റോർ
മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് രാത്രി സമയത്തെത്തുന്ന രോഗികൾക്ക് മരുന്നില്ലാതെ മടങ്ങാം. രാത്രി എട്ട് വരെ മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുമെന്ന് ഔദ്യോഗികമായി പറയുമ്പോഴും വൈകിട്ട് അഞ്ചിനും ആറിനും എത്തുന്നവർ പലപ്പോഴും മെഡിക്കൽ സ്റ്റോർ അടഞ്ഞുകിടക്കുന്നതിനാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കുകയാണ്. ആവശ്യത്തിന് ഫാർമസിസ്റ്റുമാരെ നിയമിക്കാത്തതും ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമീകരിക്കാത്തതുമാണ് കാരണം. രാത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സമയത്തിന് മരുന്ന് നൽകാൻ കഴിയാത്തത് കാഷ്വാലിറ്റിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും വെല്ലുവിളിയാകുന്നുണ്ട്. ഞായറാഴ്ചകളിൽ മെഡിക്കൽ സ്റ്റോറിൽ ഒരു ഫാർമസിസ്റ്റ് മാത്രമുണ്ടാവുന്നതിനാൽ ദീർഘ നേരം ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണ്.
അത്ര സുഖമല്ല പ്രസവം
സൗകര്യങ്ങളുടെ അപര്യാപ്തത കാരണം മലപ്പുറം താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളെല്ലാം നിലച്ച മട്ടാണ്. ഇവിടെ നേരത്തെ പ്രവർത്തിച്ചിരുന്ന ബേസിക് ലെവലിലുള്ള നവജാത ശിശു തീവ്രപരിചരണ കേന്ദ്രം (എൻ.ഐ.സി.യു), സർജറി ഐ.സി.യു, മെഡിസിൻ ഐ.സി.യു പുനസ്ഥാപിച്ചിട്ടില്ല. പ്രസവാനന്തരം അടിയന്തര പരിചരണം വേണ്ടിവരുന്ന കുഞ്ഞുങ്ങളെ ഉടനെ മഞ്ചേരി-കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റേണ്ടി വരുന്നു. നിർണായകമായ ആദ്യ നിമിഷങ്ങളിൽ ഇത്തരം ദീർഘദൂര യാത്രകൾ നടത്തുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. നിലവിൽ പൊളിക്കാതെ ബാക്കിവച്ചിരിക്കുന്ന പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടത്തിലായിരുന്നു നേരത്തെ ഇവയുടെ പ്രവർത്തനം.
താലൂക്ക് ആശുപത്രിയിൽ എന്തെല്ലാം സൗകര്യങ്ങളാണ് വേണ്ടതെന്ന് ക്വാളിറ്റി സ്റ്റാൻഡേർഡ് അനുസരിച്ച് നിശ്ചയിക്കപ്പെട്ടതാണ്. ഈ പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങൾ സുരക്ഷിതമായി നടത്താൻ പറ്റിയ സാഹചര്യം നിലവിൽ മലപ്പുറത്തില്ല. താലൂക്ക് ആശുപത്രി നിലനിൽക്കുന്ന സ്ഥലം വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. അത് ആരോഗ്യ വകുപ്പിന് കീഴിലാക്കേണ്ടത് അനിവാര്യമാണ്.
ഡോ.അജേഷ് രാജൻ, മുൻ മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട്, സർജൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |