SignIn
Kerala Kaumudi Online
Sunday, 26 July 2026 4.59 AM IST

അഖിലിന്റെ കൊലപാതകം : പ്രതികൾക്കായി തെരച്ചിൽ ഊർജിതം

ആലപ്പുഴ: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട നൂറനാട് സ്വദേശിയെന്ന് കരുതുന്ന ഷെൽജാദിനും കൂട്ടാളിക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ആലപ്പുഴയിൽ നിന്ന് ട്രെയിൻമാർഗം എറണാകുളത്തെത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടതായാണ് വിവരമെങ്കിലും ഇയാൾ പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്. എന്നാൽ,​ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ട ഗുരുപുരം കിഴക്ക് മരിയംവെളിയിൽ കാക്കാലം പറമ്പ് വീട്ടിൽ അഖിലിന്റെ (അച്ചു-24) മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വയറിലേറ്റ ആഴമുള്ള കുത്തിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഖിലുമായി വളരെകാലമായി സൗഹൃദമുള്ളവരാണ് പ്രതികളെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോ പൊലീസ് സംഘം അഖിലിന്റെ വീട്ടുകാരെ കാണിച്ച് തിരിച്ചറിഞ്ഞതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കായംകുളമുൾപ്പെടെ ജില്ലയുടെ തെക്കൻ മേഖലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാളായ അവർക്ക് ഒളിവിൽ കഴിയുന്നതിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് അഖിലിന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. വീടിന് സമീപത്തെ ഷെഡിൽ അഖിലും മറ്റൊരു സുഹൃത്തും സംസാരിച്ചിരിക്കുമ്പോഴാണ് ആലപ്പുഴയിൽ നിന്ന് ഓട്ടോയിലെത്തിയ പ്രതികൾ എത്തിയത്. ലഹരിക്കേസിലുൾപ്പെടെ പ്രതിയായ അഖിൽ ഷെൽജാദിന്റെ ആവശ്യം വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇരുമ്പ് കമ്പിക്ക് അടിച്ച് നിലത്തിട്ടശേഷം കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. അഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചിക്കുകയും ചെയ്തു. എന്നാൽ,​ ഇക്കാര്യങ്ങൾ അതേപടി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

കൊലയാളികൾ ഏറെക്കാലമായി കേരളത്തിലും പുറത്തും ലഹരി ഇടപാട് നടത്തിവരുന്ന സംഘത്തിലുൾപ്പെട്ടവരാണ്. അഖിലും ലഹരി കേസിലുൾപ്പെട്ടയാളാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും തർക്കം ഇതിന് പിന്നിലുണ്ടായെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് പ്രതികളെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.ആലപ്പുഴ എസ്.പി വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി മുകേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL