SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.10 PM IST

'ഒരു കലാകാരന് ആശയപരമായ വ്യക്തത വളരെ പ്രധാനമാണ്, കാമ്പില്ലാത്ത വിമർശനങ്ങൾക്ക് ചവറ്റുകുട്ടയിലണ് സ്ഥാനം': സൂരജ് സന്തോഷ്

sooraj-santhosh-
സൂരജ് സന്തോഷ്

പാട്ടിലൂടെ ആരാധകരുടെ മനസ് കീഴടക്കുകയും അതോടൊപ്പം തന്റെ വ്യക്തമായ നിലപാടുകൾ തുറന്ന് പറയുകയും ചെയ്യുന്ന കലാകാരനാണ് സൂരജ് സന്തോഷ്. സംഗീതത്തെയും സമൂഹത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഏറെ ശ്രദ്ധേയമാണ്. കല സമൂഹത്തോട് സംവദിക്കാനുള്ള ശക്തമായ മാദ്ധ്യമമാണെന്ന് വിശ്വസിക്കുന്ന കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. സംഗീത യാത്രയിൽ പുതിയ ചുവടുകളുമായി മുന്നേറുന്ന സൂരജ് സന്തോഷ് തന്റെ ഉറച്ച നിലപടുകളെ കുറിച്ചും സംഗീത യാത്രയിലെ പുതിയ ഏടുകളെ കുറിച്ചും കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

പാട്ടിലൂടെ സമൂഹത്തിന്റെ പുനഃരെഴുത്ത്

മാറേണ്ട കുറേ ചിന്താഗതികളെ ഈ കാലഘട്ടത്തിലും വളരെ സാധാരണവത്കരിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് 'ആലായാൽ തറ വേണോ' എന്ന് ചിന്തയുണ്ടായത്. ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിന്റെ ഇത്തരം ചിന്താഗതി തിരുത്തണമെന്ന ബോധ്യത്തിന്റെ പുറത്താണ് ആ പാട്ടിന്റെ പുനഃരെഴുത്തിലേക്കെത്തിയത്. ആളുകൾ അതിനെ പറ്റി ചിന്തിക്കണം ചർച്ച ചെയ്യണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാട്ട് തയ്യാറാക്കിയത്.

sooraj-santhosh
സൂരജ് സന്തോഷ്

പാട്ടിന്റെ തിരഞ്ഞെടുപ്പിലെ വ്യത്യസ്തത

'സൂരജ് സന്തോഷ് ലൈവ്' എന്ന ബാൻഡിന്റെ ഷോകളിൽ പാടാനായി തിരഞ്ഞെടുക്കുന്ന പാട്ടുകളുടെ തിരഞ്ഞെടുടപ്പിലും വ്യത്യസ്തതയുണ്ട്. കൂടുതലും ഷോകളിൽ ഉൾപ്പെടുത്തുന്നത് ഞാൻ പാടിയിട്ടുള്ള പാട്ടുകളും ഞങ്ങൾ തന്നെ സംഗീത സംവിധാനം നടത്തിയ പാട്ടുകളും ആണ്. പൊതുവെയുള്ള രീതി അനുസരിച്ച് ഒരു സംഗീത ഷോയുടെ ആദ്യം മുതൽ അവസാനം വരെ ആളുകളെ തുള്ളിച്ചുകഴിഞ്ഞാൽ പരിപാടി ഹിറ്റാകും എന്നാണ്. അത്തരത്തിലുള്ളൊരു സമീപനം എനിക്കില്ല.

sooraj-santhosh-
സൂരജ് സന്തോഷ്

പ്രധാനമായി എനിക്ക് തൃപ്തി നൽകുന്ന തരത്തിലാണ് ഞാൻ എന്റെ കലയെ അതായത് സംഗീതത്തെ പരിഗണിക്കുന്നത്. എല്ലാ കലാകാരന്മാരും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് കലയെ കൊണ്ടുപോകണോ അതോ സ്വന്തം ഇഷ്ടത്തിനനുസരിച്ച് കലയെ പരിഗണിക്കണമോ എന്നത് സ്വയം ചിന്തിക്കേണ്ട കാര്യമാണ്.

റീലിൽ ഹിറ്റ് ആയാൽ പാട്ട് ഹിറ്റാണോ

റീലിൽ ഹിറ്റ് ആകുന്ന പാട്ടുകളെല്ലാം വിജയിച്ചവയാണെന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു സംഗീത രചന സൃഷ്ടിക്കുക, അത് നല്ല രീതിയിൽ സംഗീതപരമായി അലങ്കരിക്കുക, മികച്ച രീതിയിൽ സംഗീത നി‌‌‌‌ർമാണം നടത്തുക ഇതൊക്കെയാണ് ഒരു പാട്ടിന്റെ വിജയത്തിന്റെ ഘടകങ്ങൾ. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിനുപേർ കണ്ടതുകൊണ്ടുമാത്രം ഒരു കലാസൃഷ്ടി വിജയമാണെന്ന് പറയാൻ കഴിയില്ല. വിജയം എന്നത് കാഴ്ചപ്പാടിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു അനിവാര്യതയാണ് പാട്ടുകൾ പ്രൊമോട്ട് ചെയ്യാൻ റീൽ ഉപയോഗിക്കുക എന്നത്. സമൂഹം റീൽ കൾച്ചറിലേക്ക് മാറിക്കഴിഞ്ഞു.അതിന് അതിന്റെ ഗുണങ്ങൾ ഉണ്ട്. പക്ഷെ അത് മാത്രം ആണ് പാട്ടിന്റെ വിജയം തീരുമാനിക്കുന്നത് എന്നതിൽ എനിക്ക് യോജിപ്പില്ല.

തുറന്ന നിലപാടും വിമർശനങ്ങളും

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന ഒരാളാണ് ഞാൻ. എന്നാൽ അത് ജനാധിപത്യപരമായ രീതിയിൽ തന്നെ ആകണം എന്ന നിർബന്ധമുണ്ട്. ഒരിക്കലും അതൊരു അധിക്ഷേപമോ വ്യക്തിഹത്യയോ ആകാൻ പാടില്ല. കാമ്പില്ലാത്ത വിമർശനങ്ങൾക്ക് ചവറ്റുകുട്ടിയിലണ് സ്ഥാനം.

sooraj-santhosh
സൂരജ് സന്തോഷ്

രാഷ്ട്രീയത്തിലെ വ്യക്തതയും കലാജീവിതവും

ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്. ഒരു വ്യക്തിയെന്ന നിലയിലും കലാകാരനെന്ന നിലയിലും ആശയപരമായ വ്യക്തത വളരെ പ്രധാനമാണ്. വ്യക്തമായ രാഷ്ട്രീയം ഉള്ളതുകൊണ്ടുതന്നെ കലാകാരനെന്ന നിലയിലും ഒരു ഇന്ത്യൻ പൗരനെന്ന നിലയിലും ആർക്കുവേണ്ടി എന്തിനുവേണ്ടി എപ്പോൾ പ്രവർത്തിക്കണമെന്നതിലുള്ള ദിശാബോധം എനിക്കുണ്ട്.

അഭിപ്രായങ്ങളും അവസരങ്ങളും

അഭിപ്രായം തുറന്നുപറയുന്നവരെ ദേശദ്രോഹിയായി ചാപ്പകുത്തുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ പ്രതിഫലനം എല്ലാ മേഖലയിലും ഉണ്ട്. സമൂഹത്തിന്റെ ഒരു പരിഛേദമാണ് ഓരോ മേഖലയും. സിനിമാ മേഖലയിലും പല കാഴ്ചപ്പാടുകളുള്ള വ്യക്തികൾ ഉണ്ട്. നിലപാട് പറഞ്ഞതുകൊണ്ട് അവസരങ്ങളെ ബാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്ക ഇല്ല. എനിക്ക് പൂർണമായും ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കുക എന്നതാണ് പരമപ്രധാനമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

sooraj-santhosh-
സൂരജ് സന്തോഷ്

സംഗീതയാത്ര

സംഗീതമേ ജീവിതം എന്നെനിക്കില്ല. സംഗീതം എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരുഭാഗം മാത്രമാണ്. ഏറ്റവും ഇഷ്ടം വെറുതെ ഇരിക്കാനാണ്. പിന്നെ യാത്രകൾ, വായന ഇതെല്ലാം കൂടി ഉൾപ്പെടുന്നതാണ് ഞാൻ. വർഷങ്ങൾ കഴിയുംതോറും സംഗീതത്തിന്റെ വഴിയിൽ പുതിയ കാര്യങ്ങൾ പഠിക്കാനാണ് ശ്രമിക്കുന്നത്. ഇലക്ട്രോണിക് മൂസിക് ആണ് ഇപ്പോൾ കൂടുതൽ ചെയ്യുന്നത്. തിയേറ്റർ മ്യൂസിക്കിൽ കൂടുതൽ നന്നായി വർക്ക് ചെയ്യാൻ അവസരം ലഭിക്കുന്നുണ്ട്. പുതിയ ചുവടുവയ്പ്പായി തിയേറ്റർ മ്യൂസിക്കിന് പ്രൊഡക്ഷനും സൗണ്ട് ഡിസൈനുംചെയ്യാൻ പറ്റി. അഞ്ച് നാടകങ്ങളിലും വർക്ക് ചെയ്തു.

English Summary

Singer Sooraj Santhosh says artists must have ideological clarity and dismisses baseless criticism as worthless. In an interview, he explains how music can challenge regressive social attitudes, says viral reels alone do not define a song's success, openly identifies as a Left supporter, and insists expressing political views has never stopped him from standing by his convictions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOORAJ SANTHOSH SINGER, SOORAJ SANTHOSH LIVE, STATE AWARD WINNER, MALAYALAM SINGER, MUSIC SHOWS BY SOORAJ SANTHOSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA