
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് വെല്ലുവിളിയായി കാലാവധി തീരാറായ 2050 ബസുകൾ. ഇവയിൽ 1200 ബസുകൾ സെപ്തംബറിൽ പിൻവലിക്കണം. ആറു മാസത്തിനുള്ളിൽ ശേഷിക്കുന്നവയും. 1400 കോടി രൂപയുടെ വിദേശബാങ്ക് വായ്പ തരപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മാനേജ്മെന്റ്. അതുവരെ സർവീസ് മുടങ്ങാതിരിക്കാൻ ബസുകൾ വാടകയ്ക്കെടുക്കാനാണ് തീരുമാനം.
ട്രാൻസ്‌പോർട്ട് ബസുകൾ 15 വർഷം കഴിഞ്ഞാൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമം. പലപ്പോഴായി കാലാവധി മൂന്നു വർഷം നീട്ടികൊടുത്ത് സർവീസ് നടത്തി വരുന്ന 1200 ബസുകളാണ് സെപ്തംബറിൽ പിൻവലിക്കേണ്ടത്. ഈ ബസുകൾ 18 വർഷമായി ഓടുന്നു.
ശരാശരി 4500 ബസുകൾ സർവീസ് നടത്തുന്ന കോർപ്പറേഷന്, 1200 ബസുകൾ നിരത്തിൽ നിന്ന് പിൻവലിച്ചാൽ വലിയ തിരിച്ചടിയുണ്ടാകും. യാത്രാക്ളേശം രൂക്ഷമാകും. ഓണം, ശബരിമല സീസൺ വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 145 ബസുകൾ വാങ്ങിയിരുന്നു.
വായ്പ കിട്ടിയാൽ 2700 ബസുകൾ
1900 ബസുകൾ അടിയന്തരമായി വേണമെന്നും അതിന് 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി തേടിയുമാണ് എം.ഡി പി.എസ്. പ്രമോജ് ശങ്കർ സർക്കാരിന് കത്തയച്ചത്.
ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ലിയു. എ.ഐ.ഐ.ബി, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പ എടുക്കാമെന്നാണ് നിർദ്ദേശം.
1000 കോടിക്ക് 2300 ബി.എസ്- 6 ബസുകളും 400 കോടിക്ക് 200 ഇലക്ട്രിക് ബസുകളും വാങ്ങാമെന്നും കത്തിൽ പറയുന്നു.
വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി ആവശ്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയും വേണം.
വാടകയ്ക്ക് വേണം 600 ബസുകൾ
മൊത്ത വാടക വ്യവസ്ഥയിൽ ആദ്യഘട്ടമായി 600 സ്വകാര്യ ബസുകൾ ലഭ്യമാക്കാൻ ശ്രമം. കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവറുടെ ശമ്പളം ബസുടമ നൽകണം. കെ.എസ്.ആർ.ടി.സിയിൽ നിന്നാകും കണ്ടക്ടർ. അറ്റകുറ്റപ്പണിയും ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി വഹിക്കും. സ്വകാര്യ ബസുടമകളുടെ സംഘടനകളുമായി നടന്ന ചർച്ചയിൽ ഗതാഗതമന്ത്രി സി.പി. ജോൺ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. ബസുടമകളുടെ നിലപാട് നിർണായകമാകും.
വനിതായാത്രക്കാർക്ക് സ്മാർട്ട് കാർഡ്
പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന വനിതകൾക്ക് യാത്ര കാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നു. പ്രിയദർശിനി പദ്ധതിയിൽ പുരുഷ യാത്രക്കാർക്ക് സീറോ വാല്യൂ ടിക്കറ്റുകൾ നൽകി തട്ടിപ്പു നടക്കുന്നതായി മിന്നൽ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |