'പഠിച്ച് എത്രയും വേഗം ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങുക' എന്നത് കേരളത്തിലെ ഭൂരിഭാഗം മാതാപിതാക്കളും മക്കളോട് പറയുന്ന കാര്യമാണ്. കുട്ടികളിലെ കലാപരമോ കായികമോ ആയ കഴിവുകളെ പ്രോത്സാഹിപ്പിക്കുമെങ്കിലും എല്ലാവരും പ്രാധാന്യം നൽകുന്നത് ഒരു ജോലിക്ക് തന്നെയാണ്. അതിനാൽത്തന്നെ പല കുട്ടികൾക്കും പഠനത്തിന് പുറമെയുള്ള അവരുടെ കഴിവുകളെ മാറ്റിനിർത്തേണ്ടിവരാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തരായ മാതാപിതാക്കളാണ് ആലപ്പുഴ സ്വദേശിനി ലക്ഷ്‌മി ശ്യാമിന്റേത്.
പഠിച്ച് ജോലി വാങ്ങൂ എന്നതിന് പകരം ഒരു ബിസിനസ് തുടങ്ങി മറ്റുള്ളവർക്ക് ജോലി കൊടുക്കൂ എന്നാണ് ലക്ഷ്‌മിയോട് മാതാപിതാക്കൾ കുട്ടിക്കാലം മുതൽ പറഞ്ഞിരുന്നത്. ഇന്ന് 'അമോറ ഇൻവിറ്റേഷൻസ്' എന്ന പേരിൽ വിവാഹ ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്യുന്ന സ്വന്തം സ്ഥാപനം ആരംഭിച്ച ലക്ഷ്‌മിക്ക് വെറും മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ലക്ഷത്തിന്റെ ടേണോവറാണ് ലഭിച്ചത്. ഇന്ന് ലോകമെമ്പാടുമുള്ളവർ അമോറയിലെ വെഡിംഗ് കാർഡുകൾ തേടിയെത്താറുണ്ട്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ സംരംഭകയായി വിജയിച്ച ലക്ഷ്‌മിയെ പരിചയപ്പെടാം.
ശ്യാംകുമാറിന്റെയും അനുജ ശ്യാമിന്റെയും മകളാണ് 22കാരിയായ ലക്ഷ്‌മി. ലക്ഷ്‌മിയോടും സഹോദരൻ അർജുൻ ശ്യാമിനോടും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് കുട്ടിക്കാലം മുതൽ മാതാപിതാക്കൾ പറയാറുള്ളത്. ആലപ്പുഴയിൽ തന്നെ സ്വന്തമായി ഒരു വെഡിംഗ് ഫോട്ടോഗ്രാഫി കമ്പനി ശ്യാംകുമാറിന് ഉണ്ടായിരുന്നു. അതിനാൽ, ബിഎസ്‌സി സൈക്കോളജി പഠനം പൂർത്തിയാക്കിയെങ്കിലും ജോലിയെക്കുറിച്ച് ലക്ഷ്‌മി ചിന്തിച്ചിരുന്നില്ല.
ഈ സമയത്താണ് ശ്യാംകുമാറിന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ വെഡിംഗ് കമ്പനിയും പൂട്ടേണ്ടിവന്നു. എന്നാൽ, സ്ഥാപനം ഉപേക്ഷിക്കാൻ മനസ് വരാത്തതിനാൽ രണ്ട് വർഷത്തോളം സ്ഥാപനത്തിന്റെ വാടക കുടുംബം നൽകി. ഒട്ടുംപ്രതീക്ഷിക്കാതെയുണ്ടായ മരണം കുടുംബത്തെ തളർത്തിയിരുന്നു. ലക്ഷ്‌മി ഡിപ്രഷനിലേക്ക് പോലും പോയ സ്ഥിതിയായിരുന്നു.
ഇതിനിടെയാണ് ലക്ഷ്‌മിയുടെ വിവാഹം ശ്രീരാഗുമായി ഉറപ്പിച്ചത്. ഈ സമയത്ത് ശ്രീരാഗിന്റെ അമ്മ കുശല, ലക്ഷ്‌മിക്ക് ഒരു ലാപ്‌ടോപ്പ് സമ്മാനമായി നൽകി. ഇതിലാണ് ലക്ഷ്‌മി വെഡിംഗ് കാർഡ് ഡിസൈനിംഗ് പഠിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ലക്ഷ്‌മിയുടെയും ശ്രീരാഗിന്റെയും വിവാഹം കഴിഞ്ഞു. ശേഷം സ്വന്തമായി ഓൺലൈൻ വെഡിംഗ് കാർഡ് ബിസിനസ് ആരംഭിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ബിസിനസിലുണ്ടായത്. വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ അഞ്ച് ലക്ഷം രൂപയുടെ ടേണോവർ ലഭിച്ചു.
ഒരു മാസം മുമ്പ് പിതാവിന്റെ ഫോട്ടോഗ്രഫി സ്ഥാപനം ലക്ഷ്‌മിയും സഹോദരൻ അർജുനും ചേർന്ന് വീണ്ടും ആരംഭിച്ചു. നിലവിൽ വെഡിംഗ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇവരുടെ അരോമ വെഡിംഗ് കമ്പനിയിൽ ലഭ്യമാണ്. ലക്ഷ്‌മിയുടെ വെഡിംഗ് കാർഡിന്റെ ഓഫ്‌ലൈൻ ബിസിനസും ഇതിനോടൊപ്പമാണ്.
ലക്ഷ്‌മിയുടെ എല്ലാ ആഗ്രഹങ്ങൾക്കും പിന്തുണ കുടുംബം തന്നെയാണ്. സ്വന്തം കുടുംബം മാത്രമല്ല, ഭർതൃ വീട്ടുകാരും ലക്ഷ്‌മിക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. കുടുംബം തന്നെയാണ് തന്റെ ധൈര്യമെന്ന് ലക്ഷ്‌മി പറഞ്ഞു.
സാധാരണ കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് ലക്ഷ്‌മി ഡിസൈൻ ചെയ്യുന്ന കാർഡുകൾ. കൂടുതലും പ്രീമിയം വെഡിംഗ് കാർഡുകളാണ് അമോറയിൽ ലഭ്യമാകുന്നത്. എന്നിരുന്നാലും സാധാരണക്കാർക്ക് പോലും വാങ്ങാൻ കഴിയുന്ന കാർഡുകളും അമോറയിലുണ്ട്. 10 രൂപ മുതൽ 400 രൂപവരെയുള്ള കാർഡുകളുണ്ട്. ഓരോന്നിന്റെയും ഡിസൈൻ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. വരന്റെയും വധുവിന്റെയും ചിത്രങ്ങൾ, കാർട്ടൂണുകൾ എന്നിവ പ്രിന്റ് ചെയ്‌തിട്ടുള്ള കാർഡുകൾക്കാണ് ആവശ്യക്കാരേറെയും.
കസ്റ്റമൈസ്‌ഡ് കാർഡ് ആയതിനാൽ ആവശ്യക്കാരുടെ മനസിലുള്ള അതേ ഡിസൈനിൽ തന്നെ ചെയ്യാനാകും. കാർഡ് ഉപഭോക്താവിന് ഇഷ്‌ടപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രിന്റിംഗ് ആരംഭിക്കുക. ഓരോ വെഡിംഗ് കാർഡുകളുടെയും വീഡിയോ ലക്ഷ്‌മി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്‌ക്കാറുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്ന് മാത്രമല്ല, യുഎഇ, യുഎസ്, യുകെ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളിൽ നിന്ന് ലക്ഷ്‌മിക്ക് ഓർഡറുകൾ ലഭിക്കാറുണ്ട്. അമോറ ഇൻവിറ്റേഷൻസ് (amora invitations) എന്ന ഇൻസ്റ്റഗ്രാം പേജിൽ മെസേജിട്ടാൽ ലോകത്ത് എവിടേക്കാണെങ്കിലും വെഡിംഗ് കാർഡുകൾ അയച്ച് നൽകുന്നതാണ്.
ജനിച്ച നാൾ മുതൽ പിതാവിന്റെ ഫോട്ടോഗ്രാഫി സ്ഥാപനം കണ്ടുവളർന്ന ലക്ഷ്‌മി ഈ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലാണ് ആദ്യമായി ലക്ഷ്‌മി ഒരു വെഡിംഗ് വർക്ക് ചെയ്യുന്നത്. കൂടാതെ പരസ്യങ്ങൾക്ക് വേണ്ടിയും വീഡിയോഗ്രാഫി ചെയ്‌തിട്ടുണ്ട്. ഇപ്പോഴും സഹോദരനൊപ്പവും അല്ലാതെയും വെഡിംഗ് വർക്കുകൾ ചെയ്യുന്നുണ്ട്. മലബാർ ഗോൾഡ്, അറേബ്യൻ ഗോൾഡ് തുടങ്ങിയ ജുവലറികൾക്ക് വേണ്ടിയും ലക്ഷ്‌മി പരസ്യം ചിത്രീകരിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവരും കണ്ണുംപൂട്ടി ഇറങ്ങണമെന്നാണ് ലക്ഷ്‌മി പറയുന്നത്. യാത്രയിൽ തെറ്റുകളുണ്ടാകും. അതെല്ലാം മനസിലാക്കി പരിഹരിച്ച് മുന്നോട്ട് പോവുക. വിജയം ഉറപ്പാണെന്നും ലക്ഷ്‌മി കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
Alappuzha native Lakshmi Shyam started her own wedding invitation design business, Amora Invitations, inspired by her father’s dream of becoming an entrepreneur. At just 22, she achieved a turnover of ₹5 lakh within three months, with customers from India and abroad. She also revived her late father’s wedding photography business with her brother.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |