കോഴിക്കോട്: വാണിജ്യവാതക വില കുറഞ്ഞതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. ചായ മുതൽ ബിരിയാണിവരെ സകല വിഭവങ്ങൾക്കും വില മാറ്റമില്ലാതെ തുടരുകയാണ്. സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമുണ്ടായതോടെയാണ് ഹോട്ടലുകൾ വില കുത്തനെ കൂട്ടിയത്. ഇതോടെ 12 രൂപയുടെ ചായയ്ക്ക് 15 രൂപയായി. ചില ഹോട്ടലുകൾ 20 രൂപവരെ വാങ്ങി.
15 രൂപയുണ്ടായിരുന്ന എണ്ണക്കടികൾക്ക് 20 രൂപയായി. പൊറോട്ട, ചപ്പാത്തി, ഊൺ, ബിരിയാണി തുടങ്ങിയവയ്ക്കും വില കൂടി. നഗരത്തിലെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലുകളിൽ 120 രൂപയുണ്ടായിരുന്ന സദ്യയക്ക് 140 രൂപയായപ്പോൾ, 60 രൂപയുണ്ടായിരുന്ന സാധാരണ ഊണിന് 80 രൂപയായി. മത്സ്യവിഭവങ്ങൾ, ബിരിയാണി, മന്തി എന്നിവയ്ക്ക് പലയിടത്തും പല വിലയായിരുന്നു. ഇതിനിടെ ഗ്യാസ് ലഭിക്കാതെ പല തട്ടുകടകളും അടച്ചുപൂട്ടിയിട്ടുണ്ട്. സിലിണ്ടർ ക്ഷാമം കുറഞ്ഞതോടെ ചിലത് പ്രവർത്തനമാരംഭിച്ചെങ്കിലും പഴയ തിരക്കില്ല.വില കുറയും മുമ്പ് കരിഞ്ചന്തയിൽ 19 കിലോ സിലിണ്ടറിന് 5,000 രൂപവരെ നൽകേണ്ടി വന്നതായാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
മെനു വില കുറയ്ക്കാൻ കഴിയില്ലെന്നാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നിലപാട്. വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 180 രൂപ മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. നിലവിൽ 19 കിലോഗ്രാം സിലിണ്ടറിന് 3,060 രൂപയാണ്. സിലിണ്ടറുകൾ സുലഭമായി ലഭിക്കുന്നുമില്ല. കുറഞ്ഞത് 500 രൂപയെങ്കിലും വില കുറഞ്ഞിരുന്നെങ്കിൽ മാത്രമേ ഭക്ഷണവിലയിൽ കുറവ് വരുത്താനാകൂ എന്നാണ് അസോസിയേഷന്റെ വിശദീകരണം. ഗ്യാസിന്റെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും മറ്റ് അസംസ്കൃത വസ്തുക്കളുടെ വില കൂടുതലാണ്. പാലും മുട്ടയും ഇറച്ചിയും പച്ചക്കറികളും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചതിനൊപ്പം പ്ലാസ്റ്റിക് കവറുകളുടെയും പായ്ക്കിംഗ് സാമഗ്രികളുടെയും വില ഇരട്ടിയായി.
ഭക്ഷണ വില ഏകീകരിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചായയ്ക്ക് വിലയേറിയ ബ്രാൻഡ് ചായപ്പൊടി ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് സാധാരണ ബ്രാൻഡുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളുടെ അതേ വില ഈടാക്കാനാകില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഉപയോഗിക്കുന്ന സാധനങ്ങൾ വ്യത്യസ്തമായിരിക്കും.
"തൊഴിലാളികളുടെ കൂലിയും അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വിലയും വർധിച്ച സാഹചര്യത്തിൽ മെനുവിലെ വില കുറയ്ക്കുക പ്രായോഗികമല്ല."
-യു.എസ് സന്തോഷ് കുമാർ
ജില്ല പ്രസിഡന്റ്,ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |