
തിരുവനന്തപുരം: ശബരിമലയിൽ ഉപയോഗിക്കാനുള്ള നെയ്യ് പോലും മറിച്ചുവിറ്റ് ലക്ഷങ്ങൾ കൊള്ളയടിച്ച സംഭവത്തിൽ മിൽമ തിരുവനന്തപുരം യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് രീതി അപ്പാടെ മാറ്റി മിൽമ യൂണിയനുകൾ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സർക്കാർ.
യു.ഡി.എഫ് ഭരണത്തിലായിരുന്ന ഭരണ സമിതികൾ പിടിക്കാൻ എൽ.ഡി.എഫ് സർക്കാർ തിരഞ്ഞെടുപ്പ് രീതികൾ അപ്പാടെ മാറ്റിയിരുന്നു. യു.ഡി.എഫിന് മേൽകൈ നൽകിയിരുന്ന പഴയ രീതിയിലേക്ക് തിരിച്ചുപാേകും.ആറുമാസത്തിനുള്ളിൽ തിരുവനന്തപുരം യൂണിയനിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ താമസിയാതെ ഓർഡിനൻസ് കൊണ്ടുവരും. മറ്റു യൂണിയനുകളിലും പിന്നാലെ തിരഞ്ഞെടുപ്പ് നടത്തും.
പിരിച്ചുവിട്ട തിരുവനന്തപുരവും മലബാർ യൂണിയനും എൽ.ഡി.എഫിന്റേതാണ്. എറണാകുളം യൂണിയൻ യു.ഡി.എഫും ഭരിക്കുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള പിരിച്ചുവിടലിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം യൂണിയൻ മുൻ ചെയർമാൻ മണി വിശ്വനാഥ് പറഞ്ഞു.
വോട്ടെടുപ്പ് രീതി മാറും
നിലവിൽ ഒരു ജില്ലയിൽ നിന്നുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആ ജില്ലയിൽ നിന്നുള്ള അംഗ വോട്ടർമാർക്ക് മാത്രമാണ് അധികാരം.
ഓരോ മേഖല യൂണിയനുകളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളെയും യൂണിയന്റെ പരിധിയിൽ വരുന്ന മുഴുവൻ ജില്ലകളിലെയും അംഗ വോട്ടർമാർ ചേർന്ന് തിരഞ്ഞെടുക്കുന്ന രീതിയാണ് തിരിച്ചുവരുന്നത്. ഈ ഡയറക്ടർമാരാണ് മിൽമ ഫെഡറേഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും മത്സരിക്കാൻ അനുമതി നിഷേധിച്ചുകൊണ്ട് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമവും മാറ്റും.
മിൽമ യൂണിയൻ
മേഖലാ പരിധി
തിരുവനന്തപുരം: തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എറണാകുളം:എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി
മലബാർ: പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |