SignIn
Kerala Kaumudi Online
Friday, 23 October 2026 1.52 AM IST

പിളർപ്പ്, ലയനങ്ങൾ: ശുഷ്കിച്ച് എൻ.സി.പി

READ ENGLISH VERSION
aa

കോൺ.എസുമായി ഇന്ന് ലയനം

കൊച്ചി: മൂന്നായി പിളർന്ന കേരളത്തിലെ എൻ.സി.പിയുടെ ഒരു വിഭാഗം കോൺഗ്രസ് എസിൽ ലയിക്കുന്നു. ലയനശേഷം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) എന്ന പേര് സ്വീകരിക്കും. കോൺഗ്രസ് എസും അപ്രത്യക്ഷമാവും. സി.പി.എമ്മിന്റെ ഒത്താശയോടെയാണ് ലയിക്കുന്നത്.

പി.സി. ചാക്കോ നയിക്കുന്ന വിഭാഗം മാത്രമാകും ഇനി കേരളത്തിലെ എൻ.സി.പി.

എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഫോർവേഡ് ബ്ളോക്കിൽ ലയിച്ച് കഴിഞ്ഞമാസം യു.ഡി.എഫിന്റെ ഭാഗമായിരുന്നു. പി.സി. ചാക്കോയുമായി വിയോജിച്ച് മുൻമന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ എം.എൽ.എ തോമസ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഓഗസ്‌റ്റിൽ എൻ.സി.പി (എസ് ) രൂപീകരിച്ചിരുന്നു. പി.സി. ചാക്കോ വിഭാഗം എൻ.സി.പി (എസ്.പി) എന്ന പേരും സ്വീകരിച്ചു.

എ.കെ. ശശീന്ദ്രൻ വിഭാഗമാണ് കോൺഗ്രസ് എസിൽ ലയിക്കുന്നത്.

എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഇന്ന് രാവിലെ 11ന് ലയനസമ്മേളനം ചേരും. രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും. എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് തുടങ്ങിയവർ പ്രസംഗിക്കും. നാളെ വൈകിട്ട് മൂന്നിന് മറൈൻഡ്രൈവിൽ നിന്ന് പ്രകടനവും രാജേന്ദ്ര മൈതാനിയിൽ പൊതുസമ്മേളനവും ചേരുമെന്ന് സംഘാടക സമിതി ചെയർമാൻ അനിൽ കാഞ്ഞിലി, കൺവീനർ ടി.പി. അബ്ദുൾ അസീസ് എന്നിവർ പറഞ്ഞു.

പവാറിന്റെ നിലപാടിൽ പ്രതിഷേധം

ദേശീയ പ്രസിഡന്റ് ശരത് പവാർ സ്വീകരിച്ച നിലപാടിലെ പ്രതിഷേധമാണ് എൻ.സി.പി മൂന്നായി പിരിയാൻ കാരണം. പി.സി. ചാക്കോയുമായി ഇടഞ്ഞ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ചേർന്നാണ് ദേശീയബന്ധം അവസാനിപ്പിച്ച് എൻ.സി.പി (എസ്) രൂപീകരിച്ചത്. 12 ജില്ലാ പ്രസിഡന്റുമാരും ഭൂരിപക്ഷം സംസ്ഥാന, ജില്ലാ നേതാക്കളും തങ്ങൾക്കൊപ്പമാണെന്ന് അവർ അവകാശപ്പെടുന്നു.

എൻ.സി.പിയിലെ നേതാക്കൾ മുമ്പ് കോൺഗ്രസ് എസിലായിരുന്നതും ലയനം എളുപ്പമാക്കി. ബി.ജെ.പിയോട് അടുപ്പം കാട്ടുന്ന ശരത് പവാറിനോടും ഏകാധിപത്യപ്രവണത പുലർത്തുന്ന പി.സി. ചാക്കോയോടുമുള്ള വിയോജിപ്പാണ് പഴയ പാർട്ടിയിലേക്ക് മടങ്ങാൻ പ്രേരണയെന്ന് നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA