
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറുമായി സർക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഗവർണർക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവർണറെ അറിയിക്കുന്നുവെന്നും തമിഴ് നാട് ഗവർണറായി ചുമതലയേൽക്കുന്ന അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ഗവർണറാണ് രാജേന്ദ്ര ആർലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവർണറാണ് ആർലേക്കറെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹവായ്പ് തിരിച്ചുനൽകുക മാത്രമാണ് താൻ ചെയ്തതെന്ന് ആർലേക്കർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം.ലിജു, എം.എൽ.എമാരായ എം. വിൻസെന്റ്, വി. മുരളീധരൻ, സുധീർഷാ പാലോട്, മേയർ വി. വി. രാജേഷ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ മിൻഹാജ് അലം, എ.പി.എം.മുഹമ്മദ് ഹനീഷ്, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി പി.വിജയൻ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരും പങ്കെടുത്തു. രാത്രി എട്ടരയ്ക്ക് വിമാനത്താവളത്തിൽ ആർലേക്കറെ യാത്രഅയയ്ക്കാനും മുഖ്യമന്ത്രി എത്തി.
പ്രവർത്തിച്ചത് ജനങ്ങളുടെ
താത്പര്യത്തിന്: ആർലേക്കർ
ഗവർണറായിരിക്കെ കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായാണ് പ്രവർത്തിച്ചതെന്നും ജനങ്ങൾ തന്നെ സ്വീകരിച്ചെന്നും ആർ.വി.ആർലേക്കർ ലോക്ഭവനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടത്.
ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന നിലപാടിൽ മാറ്റമില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമായിരുന്നു, അത് വിവാദങ്ങളല്ല. എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ വളരെ സൗഹൃദപരമായാണ് പെരുമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |