SignIn
Kerala Kaumudi Online
Saturday, 13 June 2026 9.11 PM IST

ഹൈപ്പർ കൊളസ്‌ട്രോളീമിയയെ തുരത്തി ശ്രീചിത്ര

1

തിരുവനന്തപുരം: അപൂർവ രോഗമായ ഹൈപ്പർ കൊളസ്‌ട്രോളീമിയ ബാധിച്ച രോഗിയിലെ കൊളസ്ട്രോൾ നീക്കംചെയ്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി. ജന്മനാ രക്തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് ഉയർന്നുനിൽക്കുന്ന രോഗം ബാധിച്ച 34കാരിയാണ് എൽ.ഡി.എൽ അഫെറെസീസ് ചികിത്സയ്ക്ക് വിധേയയായത്.

ശ്രീചിത്രയിൽ ആദ്യമായി നടന്ന ചികിത്സയ്ക്ക് കാർഡിയോളജി വകുപ്പിലെ പ്രൊഫ.ഹരികൃഷ്ണൻ.എസ്,ഡോ.മനീഷ് യാദവ്,ട്രാൻസ്‌ഫ്യൂഷൻ മെഡിസിനിലെ ഡോ.അമിത.ആർ എന്നിവർ നേതൃത്വം നൽകി. മോശം കൊളസ്ട്രോൾ ഉയർന്ന് രക്തധമനികളിലുണ്ടായ അടവ് കാരണം യുവതി 24-ാമത്തെ വയസിൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്ന മരുന്നുകൾ നൽകിയിട്ടും കുറഞ്ഞില്ല. എൽ.ഡി.എൽ അഫെറെസിസ് ചികിത്സമാത്രമാണ് പോംവഴിയെന്ന് ശ്രീചിത്രയിലെ വിദഗ്ദ്ധർ കണ്ടെത്തി. രക്തഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള ഉപകരണത്തിലൂടെ രക്തം കടത്തിവിട്ട് പ്ലാസ്മയും രക്തകോശങ്ങളും വേർതിരിക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. അതിനുശേഷം പ്ലാസ്‌മയിലെ മോശം കൊളസ്‌ട്രോൾ നീക്കും. തുടർന്ന് ഈ പ്ലാസ്മയിലേക്ക് രക്തകോശങ്ങൾ സംയോജിപ്പിച്ച് രോഗിയിലേക്ക് വീണ്ടും കടത്തിവിട്ടു. ഇതോടെ മോശം കൊളസ്ട്രോളിന്റെ അളവ് അഞ്ഞൂറ് മില്ലിഗ്രാമിൽ നിന്നു നാല്പത്തിലേക്ക് കുറഞ്ഞു.

3 മണിക്കൂറിനുള്ളിൽ പൂർത്തിയാകുന്ന ചികിത്സ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ ഒ.പിയിൽ തന്നെ നടത്താം. കൊളസ്‌ട്രോളിന്റെ അളവ് വീണ്ടും വേഗത്തിൽ കൂടാൻ സാദ്ധ്യതയുള്ളതിനാൽ നാല് ആഴ്‌ച ഇടവിട്ട് ചികിത്സ തുടരുന്നതോടെ രോഗമുക്തി ലഭിക്കും.

മോശം കൊളസ്‌ട്രോൾ ഉയർന്ന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഏറെ ആശ്വാസമേകുന്ന നേട്ടമാണ് ശ്രീചിത്ര കൈവരിച്ചിരിക്കുന്നത്.

-ഡോ.ഹരികൃഷ്ണൻ.എസ്

പ്രൊഫസർ കാർഡിയോളജി വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREECHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA