
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും.
കോയമ്പത്തൂരിൽ നിന്ന് ഇന്നലെ കോഴിക്കോട്ടെത്തിച്ച മൃതദേഹം യു.എൽ.സി.സി.എസ് സൈബർ പാർക്കിലും കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രിമാരും ജനപ്രതിനിധികളുമുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് വടകര ടൗൺ ഹാളിലും നാദാപുരം റോഡ് യു.എൽ.സി.സി.എസ് ആസ്ഥാനത്തും പൊതുദർശനത്തിന് വെച്ചു.
1995 മുതൽ യു.എൽ.സി.സി.എസ് ചെയർമാനാണ്. സഹകരണ മേഖലയിലെ ആദ്യ ഐ.ടി പാർക്കായ കോഴിക്കോട്ടെ യു.എൽ.സി.സി.എസ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ, ഇരിങ്ങലിലെ സർഗാലയ, കോവളത്തെ ക്രാഫ്റ്റ് വില്ലേജ്, ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ തുടങ്ങിയ സംരംഭങ്ങൾ രമേശന്റെ നേതൃത്വത്തിലാണ് തുടക്കമിട്ടത്.
2024ൽ മികച്ച സഹകാരിക്കുള്ള കേരള സർക്കാരിന്റെ ആദ്യ റോബർട്ട് ഓവൻ അവാർഡ് ഫോർ ബെസ്റ്റ് കോ-ഓപ്പറേറ്റീവ് ലീഡർ പുരസ്‌കാരം നേടി. ഇന്ദിരാഗാന്ധി സദ്ഭാവന അവാർഡ്, സഹകരണ മന്ത്രാലയത്തിന്റെ പ്രത്യേക അവാർഡ്, ഇ. നാരായണൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. യു.എൽ.സി.സി.എസ് മുൻ ചെയർമാൻ മടപ്പള്ളിയിലെ പരേതനായ പി. കണാരന്റെ മകനാണ്. അമ്മ: പരേതയായ പി. നാരായണി. ഭാര്യ: ശോഭ. മക്കൾ: രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ). മരുമക്കൾ: അരുണിമ (യു.എൽ സൈബർ, തിരുവനന്തപുരം), ശില്പ (അദ്ധ്യാപിക, കരിയാട് എൽ.പി സ്‌കൂൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |