
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ സബ്ജക്ട് മിനിമം മാർക്ക് പിൻവലിച്ച നടപടിയിൽ പ്രതിഷേധം ശക്തം. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം.
അദ്ധ്യാപക സംഘടനകൾ ഉൾപ്പെടെ ആരുമായും ചർച്ച നടത്താതെയാണ് സബ്ജക്ട് മിനിമം മാർക്ക് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നാണ് പരാതി. 8,9,10 ക്ലാസുകളിൽ സബ്ജക്ട് മിനിമം നടപ്പാക്കാനായിരുന്നു മുൻ സർക്കാർ തീരുമാനമെടുത്തത്. 2024-25ൽ 8-ാം ക്ലാസിലും 2025-26ൽ 9-ാം ക്ലാസിലും നടപ്പാക്കി. 2026-27 വർഷം എസ്.എസ്.എൽ.സിക്ക് നടപ്പാക്കാനിരിക്കേയാണ് ഇപ്പോഴത്തെ സർക്കാർ പിൻവലിച്ചത്. ഓരോ വിഷയത്തിനും എഴുത്ത് പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടണമെന്നായിരുന്നു വ്യവസ്ഥ. പത്താം ക്ലാസ് പാസാകുന്ന വിദ്യാർത്ഥിക്ക് പോലും അടിസ്ഥാനപരമായ അറിവ് ഇല്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഇത് ഏർപ്പെടുത്തിയത്. പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത്. മിനിമം മാർക്ക് ഇല്ലാതാകുന്നതോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രത്യേക പഠന പിന്തുണയും നിർത്തലാവും .
കേവലം അഞ്ച് മാർക്ക്‌നേടിയാൽപോലും ജയിക്കാമെന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ വീണ്ടും തള്ളിവിടരുതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും വീണ്ടെടുക്കാനാണ് എഴുത്തുപരീക്ഷയിൽ 30% മിനിമം മാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സബ്ജക്ട് മിനിമം ഒഴിവാക്കിയതിനെ ഇടത് അദ്ധ്യാപക സംഘടനകളായ കെ.എസ്.ടി.എയും എ.കെ.എസ്.ടി.യുവും വിമർശിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ പറഞ്ഞു. കുട്ടികളുടെ പഠനനിലവാരം തർക്കാൻ ഇടയാക്കുമെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |