SignIn
Kerala Kaumudi Online
Monday, 21 September 2026 2.50 AM IST

മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ; ആറു പേർക്ക് ദാരുണാന്ത്യം

shed
മണ്ണിടിച്ചിലുണ്ടായ കൃഷിയിടത്തിലെ തകർന്ന ഷെഡ്

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും ആറ് മരണം.

മൂന്നാർ വട്ടവടയിൽ കൃഷിയിടത്തെ ഷെഡിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടുപേരും മലപ്പുറം നിലമ്പൂർ ടി.കെ കോളനിക്ക് സമീപത്തെ കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടുപേരും കോട്ടയം തീക്കോയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് യുവതിയും മരിച്ചു.

കോട്ടയം പൂഞ്ഞാറിൽ തെക്കേക്കര പെരിങ്ങളത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒറവപ്പാറ ചേലകാട്ട് ജോസഫ് (അപ്പച്ചൻ, 80) മരിച്ചു. മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി. നിലമ്പൂരിൽ മലവെള്ളപ്പാച്ചിലിൽപെട്ട ഒരു സ്ത്രീയുൾപ്പെടെ നാലുപേരെ കാണാനില്ല.

മൂന്നാർ വട്ടവടയിൽ ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു കൃഷിയിടത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. കൊട്ടാക്കമ്പൂർ അമ്മൻകോവിലിനു സമീപം താമസിക്കുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസിയും ബന്ധുവുമായ സി.ചിന്നമ്മാൾ (38) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിന് (45) ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാലകൃഷ്ണന്റെ വീട്ടിൽ നിന്നു 100 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന മൂവരും മഴ കനത്തതോടെ ഷെഡിലേക്ക് കയറിയിരുന്നു. അതിനിടെയാണ് 20 അടി ഉയരത്തിൽ നിന്നു മണ്ണിടിഞ്ഞു വീണത്. മണ്ണിൽ പാതി പുതഞ്ഞു കിടന്ന മാരിയമ്മയെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നന്ദിനി, യോഗേഷ്, വിജയലക്ഷ്മി എന്നിവരാണ് ബാലകൃഷ്ണന്റെ മക്കൾ. കൊട്ടാക്കമ്പൂർ സ്വദേശി ചിന്ന മണിയുടെ ഭാര്യയാണ് ചിന്നമ്മാൾ. മക്കൾ: സ്‌നേഹ, വിഷ്ണു.

നിലമ്പൂരിൽ സൈലന്റ് വാലി മലവാരത്തിലുണ്ടായ കനത്ത മഴയെത്തുടർന്നാണ് ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. മരിച്ച രണ്ട് പുരുഷന്മാരേയും തിരിച്ചറിഞ്ഞിട്ടില്ല. ഇവർ വിനോദ സഞ്ചാരത്തിന് എത്തിയെന്നാണ് നിഗമനം.

കാണാതായവരെയും തിര‌ിച്ചറിഞ്ഞിട്ടില്ല. ഇതിൽ സ്ത്രീ പ്രദേശവാസിയാണെന്ന് നാട്ടുകാർ പറയുന്നു.

കോട്ടപ്പുഴയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെ 27ഓളം പേർ പുഴയുടെ മദ്ധ്യത്തിൽ അകപ്പെട്ടു. ഇവരെ നാട്ടുകാർ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. അവധി ദിനമായതിനാൽ ഇന്നലെ ഒട്ടേറപ്പേർ ഇവിടെ എത്തിയിരുന്നു. പുഴയിലെ ഒഴുക്കും ഇരുട്ടുംകാരണം ഇന്നലെ രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമായി.

തീക്കോയി വേലത്തുശേരിയിൽ മണ്ണിടിഞ്ഞ് സ്കൂട്ടർ യാത്രക്കാരിയായ ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത അരുൾ ലാലാണ് (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ സുഹൃത്തിനൊപ്പം വാഗമൺ കാണാനെത്തിയതായിരുന്നു സംഗീത. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അപകടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA