
#ശബരിമലയിലെ കരുതൽ ശേഖരത്തിൽ
ബോർഡിന് പിഴച്ചു
ശബരിമല: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം. ഒരാൾക്ക് ഒരു ടിൻ അരവണ വീതമാണ് നൽകിയത്. നട അടയ്ക്കുന്ന ഇന്ന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ ഒരു ടിൻപാേലും നൽകാൻ കഴിയാതെ വന്നേക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി അറിയിച്ചു. കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ചപറ്റിയെന്ന് വിമർശിച്ചു.
പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾക്കായി പ്രസാദ നിർമ്മാണം നിറുത്തിവച്ചതാണ് കാരണം. മുൻ വർഷങ്ങളിൽ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുമ്പോൾ അരവണ നിർമ്മാണം പൂർണമായി നിറുത്തിയിരുന്നില്ല.
മുൻ വർഷങ്ങളിൽ 2.50 മുതൽ 2.80ലക്ഷം ടിൻ അരവണയാണ് കന്നി മാസത്തിൽ വിറ്റുപോയിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 3.20 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചശേഷം പ്ളാന്റുകൾ നിറുത്തിവയ്ക്കുകയായിരുന്നു.
എന്നാൽ, നടതുറന്ന് രണ്ടു ദിവസത്തിനുള്ളിൽ 80 ശതമാനത്തിലധികം അരവണയും തീർന്നു.
മണ്ഡല മകരവിളക്ക് കാലത്ത് കഴിഞ്ഞ വർഷം മൂന്നു മുതൽ നാലു ലക്ഷം ടിൻ വരെ അരവണയാണ് വിറ്റിരുന്നത്. പ്രതിദിനം 2 മുതൽ 2.25 ലക്ഷം ടിൻ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തീർത്ഥാടനം തുടങ്ങും മുമ്പു അരക്കോടി ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചിരുന്നതിനാലാണ് കഴിഞ്ഞ വർഷം ക്ഷാമം ഉണ്ടാകാതിരുന്നത്.
അവധി കണക്കുകൂട്ടൽ തെറ്റിച്ചു
#വിദ്യാലയങ്ങൾക്ക് മൂന്നു ദിവസവും ഓഫീസുകൾക്ക് രണ്ടു ദിവസവും തുടർച്ചയായി അവധി കിട്ടിയത് കാരണം തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചത് കണക്കുകൂട്ടൽ തെറ്റിച്ചു.
# തുലാമാസം മുതലുള്ള പ്രതികൂല കാലാവസ്ഥ മുന്നിൽ കണ്ട് ദർശനം നടത്താൻ കൂടുതൽ തീർത്ഥാടകരെത്തി.
പുതിയ പ്ളാന്റിൽ
3.25 ലക്ഷം ടിൻ
പ്രതിദിനം 3.25 ലക്ഷം ടിൻ അരവണ നിർമ്മിക്കാനുള്ള പണികളാണ് പ്ലാന്റിൽ പുരോഗമിക്കുന്നത്. നിലവിൽ 2 മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് പ്രതിദിന നിർമ്മാണശേഷി. 26 അരവണ പ്രിപ്പറേഷൻ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും ആറ് ബോയിലറുകളുമാണ് ഇപ്പോൾ പ്ലാന്റിലുള്ളത്.
പുതുതായി നിർമ്മിക്കുന്നത്
അരവണ പ്രിപ്പറേഷൻ പാൻ (വാർപ്പ്)............. 6
കൂളിംഗ് ചേമ്പറുകൾ.......................................... 2
ബോയിലർ........................................................... 1
അരവണ നിർമ്മാണം
തിളച്ച ശർക്കരപാനിയിലേക്ക് അരി ഇട്ടുകഴിഞ്ഞാൽ 2.45 മുതൽ 3.30മണിക്കൂറിനുള്ളിൽ അരവണ പാകമാകും. കൂളിംഗ് ടാങ്കിലേക്ക് മാറ്റി തണുപ്പിച്ച ശേഷമാണ് ടിന്നുകളിൽ നിറച്ച് വിതരണം ചെയ്യുന്നത്. ഒരു കൂട്ട് നിർമ്മിക്കുമ്പോൾ 968 മുതൽ 1000 ടിൻ അരവണയാണ് ലഭിക്കുന്നത്.
`` സർക്കാർ ജാഗ്രതതോടെ നിരീക്ഷിക്കുകയാണ്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ബോർഡിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ല.``
-കെ. മുരളീധരൻ,
ദേവസ്വം മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |