SignIn
Kerala Kaumudi Online
Saturday, 13 June 2026 9.11 PM IST

കെ.പി.സി.സി പുനഃസംഘടന ഉടൻ: സണ്ണി ജോസഫ് ഒഴിയും, അഞ്ച് ഡി.സി.സി പ്രസിഡന്റുമാരും

c

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയും. മന്ത്രിയായ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൂടി വഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ഒഴിയുന്നത്. ഹൈക്കമാൻഡിനെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു. ഇന്നലെ ചേർന്ന കെ.പി.സി.സി വിശാലയോഗത്തിൽ പുതിയ പ്രസിഡന്റിനെ ഉടൻ കണ്ടെത്തണമെന്നും സണ്ണി ആവശ്യപ്പെട്ടു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, മാത്യു കുഴൽനാടൻ, ജോസഫ് വാഴയ്‌ക്കൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളാണ് കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും മന്ത്രിമാരായി. ഈ സ്ഥാനങ്ങളിലേക്കും പുതിയ ആളുകളെത്തും. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെയും മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ പേരുകളും ഈസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. അതിനിടെ ഡി.സി.സി പ്രസിഡന്റുമാരായ അഞ്ച് എം.എൽ.എമാരും സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ,​ കോട്ടയത്തെ നാട്ടകം സുരേഷ്, എറണാകുളത്തെ മുഹമ്മദ് ഷിയാസ്,​ മലപ്പുറത്തെ വി.എസ്. ജോയ്,​ കോഴിക്കോട്ടെ പ്രവീൺകുമാർ എന്നിവരാണ് എം.എൽ.എമാരായത്.

 മത്സരിക്കാത്തവർക്ക് അവസരം

കെ.പി.സി.സിയിൽ പുനഃസംഘടനയെക്കുറിച്ചും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നാണ് സൂചന. നിയമസഭയിലേക്ക് മത്സരിക്കാത്തവർക്ക് പുനഃസംഘടനയിൽ അർഹമായ സ്ഥാനം നൽകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ചർച്ചകളിൽ പലർക്കും ഈ ഉറപ്പ് ഹൈക്കമാൻഡ് നൽകിയിരുന്നു. കെ.പി.സി.സിയിലെ മുഴുവൻ ഭാരവാഹികളെയും മാറ്റി, അടിമുടി പുനഃസംഘടനയ്ക്ക് എ.ഐ.സി.സി നേതൃത്വം തയ്യാറായാൽ വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികൾ വരും. വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശവും പരിഗണിക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA