SignIn
Kerala Kaumudi Online
Saturday, 13 June 2026 8.40 PM IST

ഇ.ഡിക്കെതിരായ ആക്രമണം: പൊലീസിലും നടപടിയുണ്ടാവും

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും.

സിറ്റി പൊലീസ് കമ്മിഷണർ, റേഞ്ച് ഡി.ഐ.ജി, ഐ.ജി അടക്കമുള്ളവരെ ഉടൻ മാറ്റുമെന്നാണ് സൂചന. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെയും മാറ്റാനിടയുണ്ട്. ക്രൈംബ്രാഞ്ചിന്റെ അധിക ചുമതലയും അദ്ദേഹമാണ് വഹിക്കുന്നത്.

ഇ.ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നതിലും സംഘർഷം നിയന്ത്രിക്കുന്നതിലും പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ബസ് വീട്ടുവളപ്പിലെത്തിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ പുറത്തേക്ക് കൊണ്ടുപോകാനോ അവരുടെ വാഹനത്തിന് പൈലറ്റും എസ്കോർട്ടും നൽകാനോ പൊലീസിന് കഴിഞ്ഞില്ല.

സി.പി.എം നേതാക്കളുമായി സംസാരിച്ച് സമവായത്തിലെത്തിയെന്ന് മ്യൂസിയം എസ്.എച്ച്.ഒ അറിയിച്ചത് വിശ്വാസത്തിലെടുക്കുകയായിരുന്നു ഉന്നത ഉദ്യോഗസ്ഥർ.

സ്പെഷ്യൽബ്രാഞ്ച് നൽകിയ റിപ്പോർട്ടുകൾ അവഗണിച്ചതാണ് അനിഷ്ട സംഭവങ്ങൾക്ക് വഴിവച്ചതെന്നാണ് വിലയിരുത്തൽ. പിണറായിയുടെ വീടിനു മുന്നിൽ ജനം തടിച്ചുകൂടിയതും കൈയേറ്റത്തിനും പ്രതിഷേധത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും മുന്നൂറോളം പ്രതിഷേധക്കാരുള്ള സ്ഥലത്ത് 50ൽതാഴെ പൊലീസിനെയാണ് വിന്യസിച്ചത്. ജൂനിയറായ ഡി.സി.പിയല്ലാതെ ഉന്നത ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസിനെ ആക്രമിച്ചതിന് പ്രത്യേകം കേസെടുക്കും. സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തേക്കില്ലെന്നും അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA