SignIn
Kerala Kaumudi Online
Monday, 25 May 2026 9.21 AM IST

ട്രെയിനിൽ ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി​ പി​ടി​യി​ൽ

t

കൊല്ലം: തമിഴ്നാട് സ്വദേശിയായ ആറ് വയസുകാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ. ചിക്കൻ സ്റ്റാൾ ജീവനക്കാരനായ അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ സാനിഷാണ് (46) പിടിയിലായത്.

പാലക്കാട് നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന പാലരുവി എക്സ്‌പ്രസിലെ ജനറൽ കോച്ചിൽ ഏഴിന് പുലർച്ചെ ഒന്നോടെയാണ് സംഭവം. എടത്വ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന തെങ്കാശി സ്വദേശികളായ കുടുംബത്തിലെ പെൺകുട്ടി മുത്തച്ഛനൊപ്പം ജനറൽ കമ്പാർട്ട്മെന്റിലെ തറയിൽ കിടന്നുറങ്ങുകയായിരുന്നു. ട്രെയിൻ പുനലൂ‌ർ തെന്മല ഭാഗത്തെത്തിയപ്പോൾ സാനിഷ് പെൺകുട്ടിയെ എടുത്ത് ഇതേ കമ്പാർട്ട്മെന്റിലെ മറ്റൊരു സീറ്റിൽ കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു യാത്രക്കാരി ബഹളം വച്ചതിനൊപ്പം ദൃശ്യങ്ങളും പകർത്തി. പെൺകുട്ടിയുടെ ബന്ധുക്കൾ ഉണർന്ന് ഓടിയെത്തിയപ്പോഴേക്കും സാനിഷ് തൊട്ടടുത്ത കമ്പാർട്ട്മെന്റിലേക്ക് രക്ഷപ്പെട്ടു.

പ്രതിയുടെ ചിത്രം പകർത്തിയ മറ്റൊരു യാത്രക്കാരൻ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി. അദ്ദേഹം പുനലൂർ റെയിൽവേ പൊലീസിന് ഉടൻ റിപ്പോർട്ട് നൽകി​. അതിനിടെ പെൺകുട്ടിയും കുടുംബവും തെങ്കാശിയിൽ ഇറങ്ങിയിരുന്നു. പരാതി ഇല്ലായിരുന്നെങ്കിലും റെയിൽവേ പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് സാനിഷിനായി തെരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് അയത്തിലുള്ള ചിക്കൻ സ്റ്റാളിലെത്തി പിടികൂടുകയായിരുന്നു. പെൺകുട്ടിയും കുടുംബവും പ്രതിയെ തിരിച്ചറിഞ്ഞു.

സാനിഷ് മദ്യപിച്ച ശേഷം രാത്രികാലങ്ങളിൽ ട്രെയിനിൽ വെറുതെ സഞ്ചരിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുമ്പും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ പ്രദീപ്.പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപ്, ഗ്രേഡ് എസ്.സി.പി.ഒമാരായ വിനോദ് കുമാർ, എം. രതീഷ്, സി.പി.ഒമാരായ ധനീഷ്, കണ്ണൻ, ഷാഫ്, രതീഷ് കുമാർ, ഡ്രൈവർ എ.എസ്.ഐ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA