SignIn
Kerala Kaumudi Online
Monday, 25 May 2026 2.50 AM IST

ആരോപണങ്ങൾ, പരാതികൾ; ആഭ്യന്തര കലഹത്തിൽ വലഞ്ഞ് 'അമ്മ', ജൂൺ 21ലെ പൊതുയോഗം കലുഷമാകും

a

കൊച്ചി: ഭാരവാഹികളുടെ അധികാരത്തർക്കവും യോജിപ്പില്ലായ്‌മയും ആരോപണ, പ്രത്യാരോപണങ്ങളും താരസംഘടനയായ 'അമ്മ'യിൽ ആഭ്യന്തരകലഹം അതിരൂക്ഷമാക്കി. പ്രശ്‌നങ്ങളും പരാതികളും പരസ്യമായിട്ടും പരിഹരിക്കാൻ കഴിയാത്ത നേതൃത്വത്തിനെതിരെ ജൂൺ 21ലെ പൊതുയോഗത്തിൽ അംഗങ്ങൾ പ്രതിഷേധിക്കും.

അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. പ്രസിഡന്റ് നിയമിച്ച ഓഫീസ് മാനേജരെ ജനറൽ സെക്രട്ടറി പുറത്താക്കിയത് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് കാരണമായി. ട്രഷറർ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകേണ്ടിവന്നതും മാനക്കേടായി.

അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അൻസിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചു. അൻസിബയ്‌ക്കെതിരെ കേസ് നൽകിയ വൈസ് പ്രസിഡന്റ് ലക്ഷ്‌മിപ്രിയയും രംഗത്തുവന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. ടിനിക്കെതിര നീനകുറുപ്പും രംഗത്തുവന്നു. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീന ഭാരവാഹികൾക്ക് പരാതി നൽകിയത്.

ടിനി ടോമിന് അനുകൂലമായ നിലപാടാണ് ലക്ഷ്‌മിപ്രിയ സ്വീകരിച്ചത്. അൻസിബ തനിക്കയച്ച മെസേജ് തന്റെ കുടുംബത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബസംഗമത്തിന് ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് തർക്കമായപ്പോൾ മതതീവ്രവാദം ആരോപിച്ചത് അൻസിബയാണ്. അൻസിബയെ ജിഹാദിയെന്ന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്‌മിപ്രിയ പറയുന്നു.

നേതൃത്വം പലവഴി

പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തർക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങൾ പറയുന്നു. പ്രവർത്തനങ്ങൾ താളംതെറ്റി. യോഗതീരുമാനങ്ങൾ പോലും അംഗങ്ങളെ അറിയിക്കാറില്ല. ജനറൽ സെക്രട്ടറിക്കുള്ള ചില അധികാരങ്ങൾ പ്രസിഡന്റിനും ബാധകമാക്കാൻ സംഘടനയുടെ നിയമാവലി ഭേദഗതിക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ ഭേദഗതി അവതരിപ്പിക്കാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA