ജീവനക്കാരിയെ വീട്ടിൽ ബന്ധിയാക്കി
കണ്ണൂർ: കോളയാട് പാടിപ്പറമ്പിൽ ഫ്ലോർമില്ലുടമ കെ.ജെ ജോസഫ് എന്ന ജോസ് (65) സ്വയം വെടിയുതിർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇയാൾക്ക് തോക്ക് എങ്ങനെ കിട്ടി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം. നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്ത് പരിക്കേറ്റ ജോസിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടകീയ സംഭവം അരങ്ങേറിയത്. ഫ്ലോർ മിൽ നടത്തുന്ന ജോസും പാർട്ണറായ കല്ലിൽ പുത്തലത്ത് ഷാജിയും (58) തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടാവുകയും ഷാജിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഷാജി കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെതുടർന്ന് എസ്‌ഐ അനൂപ് കെ. ഗോവിന്ദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
പൊലീസ് എത്തുമ്പോൾ ഫ്ലോർമില്ലിലെ ജീവനക്കാരിയായ സ്ത്രീയെ മില്ലിനോട് ചേർന്നുള്ള വീട്ടിൽ ജോസ് ബന്ധിയാക്കിയ നിലയിലായിരുന്നു. പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ വീടിന്റെ പിൻവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് സ്ത്രീയെ രക്ഷപ്പെടുത്തി. ഇതിനിടെയാണ് ജോസ് വീടിനകത്തു കയറി സ്വയം വെടിയുതിർത്തത്.
വീട് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. ജോസിന്റെ കൈയിലുണ്ടായിരുന്ന നാടൻ റിവോൾവർ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കണ്ണൂരിൽ നിന്ന് ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും ഉൾപ്പെടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീട്ടിൽ നിന്നും രണ്ട് നാടൻ റൈഫിളുകളും തിരകളും കണ്ടെത്തി.
ജ്യോതിഷിയായ ജോസ്
നേരത്തേ മറ്റ് ചിലരോടൊപ്പം ചേർന്ന് ജോസ് കലവറ എന്ന പേരിൽ ഭക്ഷണസാധനങ്ങൾ വിപണനം നടത്തിയിരുന്നു. അവർ പാർട്ണർഷിപ് പിരിഞ്ഞതോടെ മില്ലിന്റെ പ്രവർത്തനം മന്ദീഭവിച്ചു. തലശ്ശേരി സ്വദേശിയായ ഷാജിയോടൊപ്പം ചേർന്നാണ് ഇപ്പോൾ മില്ല് നടത്തിവരുന്നത്. ജ്യോതിഷം പഠിച്ച ജോസ് കുറച്ചു കാലം കോളയാട് മെട്ടയിൽ പീടികമാളികയിൽ ജ്യോതിഷാലയം നടത്തിയിരുന്നു. ജ്യോതിഷിയായിരുന്ന കാലത്ത് വിദൂര സ്ഥലങ്ങളിലടക്കം ഒട്ടേറെ പേരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |