
ചിറയിൻകീഴ്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിറയിൻകീഴ് പെരുങ്ങുഴി ആറാട്ട് കടവിന് സമീപത്ത് നിന്ന്, തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം 808 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കഠിനംകുളം മുണ്ടഞ്ചിറ മണക്കാട്ടിൽ ഹൗസിൽ നിസാറാണ് (47) പിടിയിലായത്. ഈ സംഭവത്തിൽ ഇയാളുടെ ഭാര്യ സഹോദരൻ പെരുമാതുറ സ്വദേശി മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തിരുന്നു. നിസാർ വിദേശത്ത് നിന്ന് എം.ഡി.എം.എ എത്തിച്ച് വില്പനയ്ക്കായി ഷാഫിക്ക് നൽകുകയായിരുന്നു. വിസിറ്റിംഗ് വിസയിൽ ഒമാനിൽ പോയി,സെപ്തംബർ 11ന് നെടുമ്പാശേരി വഴിയാണ് നിസാർ തിരികെയെത്തിയത്.
എം.ഡി.എം.എയുമായി ഷാഫി പിടിയിലായതോടെ നിസാർ ഒളിവിൽ പോയി. ഇയാൾക്കായി ജില്ലാ പൊലീസ് മേധാവി ബി.കെ.പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി പെരുമാതുറയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തുടർഅന്വേഷണത്തിനായി രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.ആറ്റിങ്ങൽ ഡി.വൈ.എസ്.പി അജി ചന്ദ്രൻ നായർ,ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അഭിലാഷ്,സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ,ഷജീർ,ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്.ഫയസ്,ബി.ദിലീപ്,എ.എസ്.ഐ ദിനോർ,സി.പി.ഒമാരായ റിയാസ്,ബിനു,ലിജു എന്നിവരുടെ നേതൃത്വത്തിലാണ് നിസാറിനെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |