SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.03 AM IST

ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മാണം; വിദേശികളെ പൊക്കി കണ്ണൂർ സ്ക്വാഡ്

mdma-kannur-
എംഡിഎംഎ നിര്‍മ്മിച്ച വിദേശ വനിതകള്‍

കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ നിർമ്മിച്ചു വിതരണം നടത്തിവന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ (30) എന്നിവരെയാണ് ഡൽഹി ബുരാരിയിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് കണ്ണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള വൻ ലഹരി മാഫിയയുടെ നീക്കങ്ങളെയാണ് കണ്ണൂർ സിറ്റി പൊലീസ് വിജയകരമായി തകർത്തത്.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തലശ്ശേരി എ.എസ്.പി ഡോ. എം നന്ദഗോപന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ഡാൻസാഫ് സ്‌ക്വാഡ്, തലശ്ശേരി എ.എസ്.പി സ്‌ക്വാഡ്, തലശ്ശേരി എസ്‌.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ സുജിത്ത്, ജമീല, സി.പി.ഒമാരായ പ്രബീഷ്, വിജിത്ത്, ജീഷ്മ എന്നിവരാണ് ഡൽഹിയിൽനിന്ന് പ്രതികളെ പിടികൂടിയത്.

മയക്കുമരുന്ന് വിൽപനയിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന പണം ഉപയോഗിച്ച് വാങ്ങിയ ഒരു കാർ മാഹിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് നിർമ്മിക്കുന്ന സംഘത്തെ തന്നെ കണ്ടെത്തി പിടികൂടാനായത് കണ്ണൂർ സിറ്റി പൊലീസിന്റെ അന്വേഷണ മികവിന് പൊൻതൂവലാവുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ലഹരി ശൃംഖലകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

ന്യൂമാഹിയിൽ നിന്ന് ബാംഗളൂർ വഴി ഡൽഹിയിൽ

ന്യൂമാഹിയിൽ വെച്ച് വെറും 0.6 ഗ്രാം എം.ഡി.എം.എയുമായി രജിനാസ് എന്ന പ്രാദേശിക വിൽപ്പനക്കാരൻ പിടിയിലായതാണ് നിർണ്ണായകമായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മുഹമ്മദ് സമീൽ എന്നയാളാണ് ലഹരിമരുന്ന് എത്തിച്ചു നൽകിയതെന്ന് വ്യക്തമായി.

തുടർന്ന് സമീലിന്റെ വീട്ടിലും വാഹനത്തിലും നടത്തിയ റെയ്ഡിൽ 185 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സമീലിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് 'തബു' എന്ന പേരിൽ അറിയപ്പെടുന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ ലഹരി ഒളിപ്പിച്ചുവെച്ച് വാങ്ങുന്നവർക്ക് ലൊക്കേഷൻ മാത്രം അയച്ചുനൽകുന്ന അതീവ രഹസ്യമായ ഹൈടെക് രീതിയാണ് തബു അനുവർത്തിച്ചിരുന്നത്. തുടർന്ന് ബംഗളൂരുവിൽ വെച്ച് ഇയാളെയും പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തു.

ഡൽഹിയിൽ നിന്ന് കൊറിയർ, പാർസൽ സർവീസുകൾ വഴിയാണ് ലഹരി കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന തബുവിൽ നിന്നുള്ള വിവരമാണ് പൊലീസിനെ ഡൽഹിയിലെത്തിച്ചത്. കേരള പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ തബുവിന്റെ കൂട്ടാളിയായ അർഷാദ് അലിയെ 800 ഗ്രാം എം.ഡി.എം.എയുമായി ഹരിയാന പൊലീസ് ഗുരുഗ്രാമിൽ വെച്ച് പിടികൂടി. പിന്നാലെ ലഹരി ഇടപാടുകൾക്കായി വ്യാജ തിരിച്ചറിയൽ രേഖകൾ, സിം കാർഡുകൾ, ബാങ്ക് മ്യൂൽ അക്കൗണ്ടുകൾ എന്നിവ നിർമ്മിച്ച് നൽകിയിരുന്ന അബ്ദുൾ റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരെയും പൊലീസ് പൊക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR, MDMA, MDMA MAKING, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY