പട്യാല: പ്രായപൂർത്തിയാകാത്ത വനിതാ സൈക്ലിസ്റ്റിനെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ സൈക്ലിംഗ് ടീമിനൊപ്പമുള്ള കസാഖ് കോച്ചിനെതിരെ പോക്‌സോ കേസ്. കസാഖ് മുൻ പ്രൊഫഷണൽ റോഡ് സൈക്ലിസ്റ്റായ മാക്‌സത് അയാസ്ബയേവിനെതിരെയാണ് പട്യാല സിവിൽ ലൈൻസ് പൊലീസ് കേസെടുത്തത്.
പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്‌പോർട്സ് (എൻ.എസ്.എൻ.ഐ.എസ്) ക്യാമ്പസിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ സെപ്‌തംബർ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഹൈ പെർഫോമൻസ് പരിശീലന ക്യാമ്പിന്റെ ഭാഗമായി പെൺകുട്ടി ഇവിടെ എത്തിയിരുന്നു.
പരാതിയെ തുടർന്ന് ഈ മാസം 18ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തി കോച്ചിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗൺസലിംഗ് നൽകി.
സംഭവം പുറത്തുവന്നതോടെ പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവസമയത്ത് ഇയാൾ ഡൽഹിയിലായിരുന്നെന്നും തുടർന്ന് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യൻ സൈക്ലിംഗ് സംഘത്തോടൊപ്പം ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോകാനിരുന്ന പ്രതിയുടെ യാത്ര റദ്ദാക്കിയതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയും നടപടിയെടുത്തു. കോച്ചിനെ സസ്‌പെൻഡ് ചെയ്തതായും ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) അന്വേഷണം കൈമാറിയതായും റിപ്പോർട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണെന്ന് പട്യാല പൊലീസ് അറിയിച്ചു.
A Kazakh coach with the Indian cycling team, Maksat Ayazbayev, faces a POCSO case for sexually assaulting a minor female cyclist at Patiala's sports campus on September 13. Police registered an FIR, issued a lookout notice, and launched a manhunt for the absconding coach. The Cycling Federation of India suspended him, initiating an internal inquiry and cancelling his Asian Games travel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |