കൊച്ചി: വിമാനത്തിൽ വന്നിറങ്ങി വൻ കൊള്ള ലക്ഷ്യമിട്ട അന്തർസംസ്ഥാന സംഘത്തിലെ 11 പേർ പിടിയിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സമീർ, മൊഹ്സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സുഹൈൽ, മോനിഷ് എന്നിവരാണ് കണ്ണൂരിൽ നിന്ന് അറസ്റ്റിലായത്. കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ പൊലീസാണ് ഇവരെ പിടിച്ചത്.
സംഘത്തിലെ അഞ്ച് പേരെ ഞായറാഴ്ച കളമശേരിയിൽ നിന്നും ഒരാളെ തൃശൂരിൽ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സെയ്ഫുള്ള, മുഹമ്മദ് ഫർമാൻ, സുഹൈൽ, ഷക്കീബ്, റിഹാൻ ഖാൻ, റിഹാൻ എന്നിവരാണ് ആദ്യം പിടിയിലായത്. ഇതോടെ സംഘത്തിലെ 11 പേരും പിടിയിലായി. സംഘം മുമ്പും കേരളത്തിൽ വന്നിട്ടുണ്ടോ, ഇവർക്ക് വൻ പദ്ധതികൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്ക് ഇടപാടുകളും അന്വേഷണപരിധിയിലുണ്ട്.
തൃശൂർ പറവട്ടാനിയിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ വേഷത്തിൽ ബി.എസ്.എൻ.എൽ കേബിൾ മുറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ റൈഹാൻ അറസ്റ്റിലായതാണ് കവർച്ചാ സംഘത്തെ കുരുക്കിയത്. മോഷ്ടാക്കളുടെ നീക്കത്തിൽ സംശയം തോന്നിയ ഒരു ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കൂട്ടാളികൾ കൊച്ചിയിലെ ലോഡ്ജിലുണ്ടെന്ന് റൈഹാൻ വെളിപ്പെടുത്തി. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ വിവരമറിയിക്കുകയും കളമശേരിയിലെ താവളം പൊലീസ് വളയുകയും ചെയ്തു. കളമശേരി, തൃശൂർ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അഞ്ചുപേർ കൂടി പിടിയിലായി. ഇതിനിടെ സംഘത്തിലെ മറ്റൊരു വിഭാഗം വടക്കൻ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചു.
വിവരം കണ്ണൂർ പൊലീസിന് കൈമാറി. കണ്ണൂർ ടൗൺ പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ബാക്കി അഞ്ചുപേർ വലയിലായത്. തൃക്കാക്കര സ്റ്റേഷനിൽ പ്രതികളിൽ ചിലർക്കെതിരെ മുമ്പും കേസുകളുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പി. നന്ദകുമാർ, സി.പി.ഒമാരായ സൂരജ്, മനീഷ്, സനു, കൊച്ചി സിറ്റി സ്ക്വാഡ് അംഗം മാഹിൻ അബു, കളമശേരി സ്റ്റേഷൻ ഷാഡോ ടീം, കണ്ണൂർ സിറ്റി ക്രൈം ടീം എന്നിവരുടെ ഏകോപിതമായ നീക്കമാണ് കവർച്ചാ സംഘത്തെ കുടുക്കിയത്.
വിമാനത്തിൽ കേരളത്തിലെത്തുന്ന സംഘം കവർച്ചമുതൽ കടത്താനും മറ്റും ബൈക്കുകൾ മുൻകൂട്ടി ട്രെയിനിൽ എത്തിക്കുകയാണ് രീതി. കോപ്പർ വയർ മോഷണമാണ് പ്രധാന ലക്ഷ്യം. കെട്ടിടനിർമ്മാണ തൊഴിലാളികളെന്ന വ്യാജേനയാണ് തങ്ങുക. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, വൻകിട ജനറേറ്ററുകൾ, ബി.എസ്.എൻ.എല്ലിന്റെ ഔട്ട്ഡോർ ജംഗ്ഷൻ ബോക്സുകൾ എന്നിവയെ ലക്ഷ്യമിടും. പ്രതികളിൽ നിന്ന് കേബിൾ കട്ടറുകൾ, മാസ്റ്റർ കീകൾ, സ്മാർട്ട്ഫോണുകൾ, ആഡംബര വാച്ചുകൾ, 90,500 രൂപ എന്നിവയും ഡൽഹിയിൽ നിന്നെത്തിച്ച നാല് ബൈക്കുകളും പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |