
കാട്ടാക്കട: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെയ്യാറ്റിൻകരയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും വനംവകുപ്പിന്റെ കസ്റ്റഡിയിലായി.
അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), വടുതല ബ്രിഡ്ജ് റോഡിൽ മണിയത്ത് വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്. അറക്കുന്നിലെ ഒരു ജ്യൂസ് കടയിൽ നിന്ന് ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതാണ് കുറുക്കന്റെ രോമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച കരുനാഗപ്പള്ളി ആലുംകടവ് താനത്ത് ഹൗസിൽ സുദർശനൻ (54), ഊരൂട്ടമ്പലം ഉദയ ഭവനിൽ കേശവകുമാർ (51), ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടകൽക്കാട് അൻവർ പി.കെ. (48), മാരായമുട്ടം മരുതംതരൂർ തോരടിത്തലയ്ക്കൽ വീട്ടിൽ രതീഷ് (50) എന്നിവരെയും അറസ്റ്റ് ചെയ്തു. വനം ഇന്റലിജൻസിനും ക്രൈം കൺട്രോൾ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |