
ബിയർ കുപ്പിയേറിൽ മറ്റൊരു യുവാവിനും പരിക്ക്
കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ മദ്യലഹരിയിൽ ചുറ്റിക ഉപയോഗിച്ചും കടവന്ത്ര എളംകുളത്തെ ബാറിൽ ബിയർ കുപ്പി ഉപയോഗിച്ചുമുള്ള വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
തലയ്‌ക്ക് പിന്നിൽ ചുറ്റികയ്‌ക്ക് അടിയേറ്റ കലൂർ മാർക്കറ്റിലെ മീൻ സ്റ്റാൾ തൊഴിലാളി ഷിഹാബിന്റെ (34) നില അതീവഗുരുതരമായി തുടരുന്നു. ഇന്നലെ പുലർച്ചെ രണ്ടിന് എസ്.ആർ.എം റോഡിന് സമീപം ഡോ. പൽപ്പു റോഡിലെ പീടിയേക്കൽ പരീക്കുട്ടി ലെയ്‌നിലായിരുന്നു സംഭവം. അക്രമിയും ഷിഹാബും മദ്യപിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. പൊടുന്നനെയുണ്ടായ വാക്കേറ്റത്തിനിടെ പ്രകോപിതനായ അക്രമി കൈവശമുണ്ടായിരുന്ന ചുറ്റിക കൊണ്ട് ഷിഹാബിന്റെ തലയ്‌ക്കു പിന്നിൽ ശക്തിയോടെ അടിച്ചു. ഷിഹാപ്പ് രക്തം വാർന്ന് നിലത്ത് വീണതോടെ അക്രമി മുങ്ങി. റോഡിലുണ്ടായിരുന്ന രണ്ടു പേരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിൽ തുടരുകയാണ്.
ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അക്രമിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്തു.
എളംകുളത്ത് റാഡിസൺ ബ്ലൂ ഹോട്ടലിൽ റെസ്റ്റോബാറിലുണ്ടായ ആക്രമണത്തിലാണ് വൈറ്റിലയിൽ ഫ്ലാറ്റിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ ചേർത്തല എരമല്ലൂർ സ്വദേശി ആന്റണി സേവ്യറിന് (26) മുഖത്ത് പരിക്കേറ്റത്. പുലർച്ചെ 1.50നായിരുന്നു ആക്രമണം. മുൻപരിചയക്കാരായ പ്രതികളിൽ ഒരാൾ യുവാവിനെ അടുത്തേക്ക് വിളിച്ചു വരുത്തുകയും കൈകൾ പിന്നോട്ട് വലിച്ച് കെട്ടുകയും മറ്റൊരാൾ ഒഴിഞ്ഞ ബിയർ കുപ്പി മുഖത്തേക്ക് എറിയുകയും ചെയ്തു. മേൽചുണ്ടിനും മുഖത്തും പരിക്കേറ്റ് എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് കാരണം. കടവന്ത്ര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |