കൊച്ചി: യുവാക്കളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി കവർച്ച ചെയ്ത കേസിൽ ആറു മാസമായി ഒളിവിലായിരുന്ന ഗുണ്ടാത്തലവനെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. പനങ്ങാട് കുമ്പളം വടക്ക് കരിക്കൻതറ വീട്ടിൽ ദിലീഷിനെയാണ് (പെണ്ണാച്ചി ദിലീഷ്, 43) എറണാകുളം എ.സി.പിയുടെ സ്ക്വാഡും ഹാർബർ പൊലീസും ചേർന്ന് പിടികൂടിയത്.
ഫെബ്രുവരി 14ന് രാത്രി വില്ലിംഗ്ടൺ ഐലൻഡിൽ നിന്നാണ് ഇടുക്കി സ്വദേശിയും വാഹന ഇടപാടുകാരനുമായ ആഷിഖിനെയും റിയാസിനെയും കാർ സഹിതം തട്ടിക്കൊണ്ട് പോയത്. ഒന്നരലക്ഷം രൂപയും കാറും കൈക്കലാക്കിയ ശേഷം ഇയാളെ തൃപ്പൂണിത്തുറയിൽ ഉപേക്ഷിച്ചു. ദിലീഷ് നേതൃത്വം നൽകുന്ന പശ്ചിമകൊച്ചിയിലെ മയക്കുമരുന്ന് സംഘവും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരി സംഘവും തമ്മിലുള്ള പോരാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. ആഷിഖ് എതിർസംഘത്തിന് സഹായം നൽകുന്നുവെന്ന ധാരണയിലാണ് വാഹന ഇടപാടിനെന്ന പേരിൽ വിളിച്ചു വരുത്തിയതും തട്ടിക്കൊണ്ട് പോയതും.
മറ്റൊരു മുഖ്യപ്രതി ഡെൽബിൻ ദേവസി, അരുൺ, ക്രിസ്റ്റൽ ജോർജ് തുടങ്ങി 15 പ്രതികൾ പലപ്പോഴായി അറസ്റ്റിലായി. അഞ്ചു പേർ കൂടി പിടിയിലാകാനുണ്ട്. എസ്.ഐമാരായ സി.എം.ജോസി, അനിൽകുമാർ വാസുദേവൻ, പി. അനിൽകുമാർ, എ.എസ്.ഐ വി.കെ. സനീപ് കുമാർ, സീനിയർ സി.പി.ഒ എം മഹേഷ്, സി.പി.ഒ ജോസ് മോൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാപ്പ ചുമത്താൻ പൊലീസ്
മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ട് പോകൽ, പീഡനം തുടങ്ങിയ കേസുകളിൽ പ്രതിയായ ദിലീഷ് പനങ്ങാട് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള കുറ്റവാളിയാണ്. 2022 ൽ രാസലഹരിയും 1.16 ലക്ഷം രൂപയുമായി മരട് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ കാപ്പ ചുമത്തി ഒരു കൊല്ലം കരുതൽ തടങ്കലിലാക്കാൻ പൊലീസ് നടപടി തുടങ്ങി. തട്ടിക്കൊണ്ട് പോകാൻ തോക്കുകൾ ഉപയോഗിച്ചതോടെ കേസിൽ ആയുധ നിയമവും ചുമത്തിയിട്ടുണ്ട്. ബി.എൻ.എസ് ആക്റ്റിലെ സംഘടിത കുറ്റകൃത്യത്തിനുള്ള വകുപ്പ് കൊച്ചി സിറ്റിയിൽ ആദ്യമായി ചുമത്തിയതും ഇതേ കേസിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |