SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

വിദ്യാർത്ഥികളെ വലയ്ക്കരുത്

cbse

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന തരത്തിൽ സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതരമായ വീഴ്ചകൾ പുറത്തു വന്നിരിക്കുകയാണ്. നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിന്റെ ആഘാതം മാറുന്നതിന് മുമ്പ് ഒരിക്കൽ കൂടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതിക്കൂട്ടിലായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡുകളിൽ ഒന്നായ സി.ബി.എസ്.ഇയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് പോർട്ടലിന്റെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന തകരാറ്.

ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാൻ ഇപ്പോൾ വിദ്യാർത്ഥികൾക്ക് സമയം നീട്ടി നൽകിയെങ്കിലും പോർട്ടലിന്റെ സാങ്കേതിക തകരാർ പരിഹരിക്കപ്പെടാത്തത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. നേരത്തെ അപേക്ഷിച്ചവർക്കു തന്നെ ഇനിയും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചിട്ടുമില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ചു വേണം വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ. ഇതിനുള്ള പുതുക്കിയ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ പോർട്ടലിന്റെ സാങ്കേതിക കുഴപ്പം പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മദ്രാസ് ഐ.ഐ.ടി വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുന്നു.

ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പു നോക്കി മൂല്യനിർണയം നടത്തുന്ന ഓൺ സ്ക്രീൻ മാർക്കിംഗ് എന്ന രീതി ആദ്യമായാണ് സി.ബി.എസ്.ഇ നടപ്പാക്കിയത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ അവ്യക്തമാണെന്നും ഇത് വിദ്യാർത്ഥികളുടെ മാർക്ക് കുറയ്ക്കാൻ ഇടയാക്കിയെന്ന വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വിദ്യാർത്ഥികൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനൊക്കെ പരിഹാരം കണ്ടെത്തേണ്ട സമഗ്രമായ നടപടികളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.

അതായത് കേവലം പോർട്ടലിന്റെ സാങ്കേതിക പിഴവ് പരിഹരിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് ചുരുക്കം. അതുപോലെ തന്നെ പകർപ്പിനായി ഫീ അടയ്ക്കാൻ ശ്രമിച്ചപ്പോൾ പലർക്കും വ്യത്യസ്ത തുകകളാണ് വെബ്‌സൈറ്റിൽ കാണിച്ചത്. 8,000 രൂപ മുതൽ 69,420 രൂപ വരെ കാണിക്കുന്ന സ്‌ക്രീൻഷോട്ടുകളും വിദ്യാർത്ഥികൾ പുറത്തു വിട്ടിട്ടുണ്ട്. എല്ലാവർക്കും ഉത്തരക്കടലാസുകൾ ലഭ്യമാക്കുമെന്നും കൂടുതൽ ഫീ അടയ്ക്കേണ്ടി വന്നവർക്ക് അധികമായി അടച്ച തുക തിരികെ നൽകുമെന്നുമാണ് സി.ബി.എസ്.ഇ പറയുന്നത്. അപ്പോഴും എന്തുകൊണ്ട് കൂടുതൽ തുക വാങ്ങി എന്നതിന് ഉത്തരമാകുന്നില്ല.

പ്ളസ് ടു ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തണമെന്ന ആവശ്യവും വിദ്യാർത്ഥികൾ മുന്നോട്ടു വച്ചിരിക്കുന്നു. സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കുമ്പോൾ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ഉറപ്പാക്കാനാകാത്തതിന്റെ പ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വെറും രണ്ടു ദിവസത്തെ പരിശീലനം മാത്രമാണ് പുതിയ രീതി നടപ്പാക്കുന്നതിന് മുമ്പ് അദ്ധ്യാപകർക്ക് നൽകിയത്. വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകർത്ത് വിദ്യാർത്ഥികളെ വലയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. അതിനാൽ, ഇതിനെക്കുറിച്ച് വിദഗ്ദ്ധ സമിതിയെകൊണ്ട് സമഗ്ര അന്വേഷണം നടത്തി ശുപാർശകൾ നടപ്പിലാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY