
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി സ്വിസ് മോഡൽ ബിയാട്രിസ് ക്യൂൾ. യു.എസ് ജനപ്രതിനിധി സഭയുടെ ജുഡിഷ്യൽ കമ്മിറ്റിയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ തയ്യാറാക്കി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ട്രംപും തമ്മിലെ ബന്ധത്തെ കേന്ദ്രീകരിച്ചുള്ളതാണ് റിപ്പോർട്ട്.
മിസ് സ്വിറ്റ്സർലൻഡ് മത്സരാർത്ഥിയായ 24കാരിയായിരുന്ന തന്നെ 1993ൽ മാൻഹട്ടണിലെ പ്ലാസ ഹോട്ടലിൽ വച്ചാണ് ട്രംപ് ബലാത്സംഗം ചെയ്തതെന്ന് ബിയാട്രിസ് ആരോപിക്കുന്നു. 'അമേരിക്കൻ ഡ്രീം സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി എത്തിയ തന്നെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് കരിയർ ചർച്ചകൾക്കായി ക്ഷണിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ ശരീരത്തിൽ മുറിവുകളുണ്ടായി രക്തമൊഴുകി. പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയ ട്രംപ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ അഡ്മിഷനും വിസയും വാഗ്ദാനം ചെയ്തു ' - ബിയാട്രിസ് പറയുന്നു.
പെൺകുട്ടികളെ വേട്ടയാടാനുള്ള മാർഗ്ഗമായി സൗന്ദര്യ മത്സരത്തെ ട്രംപും എപ്സ്റ്റീനും ഉപയോഗിച്ചെന്നും അവർ വെളിപ്പെടുത്തി. ഇതിന് മുമ്പും ട്രംപിനെതിരെ ബിയാട്രിസ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം, ട്രംപിനെതിരെ നിയമനടപടി സ്വീകരിക്കാൻ സ്വിറ്റ്സർലൻഡിൽ കഴിയുന്ന ബിയാട്രിസിന് താത്പര്യമില്ലെന്നാണ് വിവരം. ആരോപണങ്ങൾ നിഷേധിച്ച വൈറ്റ് ഹൗസ്, ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണെന്ന് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |