
കീവ്: യുക്രെയിനിലെ ഒലെഷ്കി പട്ടണത്തിൽ താത്കാലിക വെടിനിറുത്തൽ നടപ്പാക്കി റഷ്യ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ മദ്ധ്യസ്ഥതയെ തുടർന്നാണ് ഇന്നലെ മുതൽ വെടിനിറുത്തൽ നടപ്പാക്കിയത്. നവംബർ ഒന്ന് രാത്രി 11.59ന് അവസാനിക്കും.
മെലാനിയ സ്വതന്ത്രമായാണ് വിഷയത്തിൽ ഇടപെട്ടത്. സെപ്തംബറിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലി സെഷനിടെയാണ് ഒലെഷ്കിയിലെ ദുരിതത്തിന്റെ ആഴം മെലാനിയ മനസിലാക്കിയത്. പിന്നാലെ ഇരുരാജ്യങ്ങളിലെയും നേതൃത്വവുമായി അവർ ബന്ധപ്പെടുകയായിരുന്നു. ചർച്ചയ്ക്ക് തന്റെ പ്രതിനിധികളെയും അയച്ചു. നേരത്തെ റഷ്യയിലേക്ക് പലായനം ചെയ്യേണ്ടിവന്ന യുക്രെയിനിയൻ കുട്ടികളെ അവരുടെ കുടുംബത്തിനടുത്തേക്ക് എത്തിക്കാൻ മെലാനിയ ഇടപെട്ടിരുന്നു.
റഷ്യയുടെ നിയന്ത്രണത്തിലാണ് ഖേഴ്സണിലെ ഒലെഷ്കി. ഏറ്റുമുട്ടൽ രൂക്ഷമായ ഇവിടെ വൈദ്യുതിയും ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദുരിതത്തിലാണ് ജനങ്ങൾ. ഇവിടേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാനും കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കാനുമാണ് ഇളവ്.
ഒലെഷ്കിയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ലിയോ പതിനാലാമൻ മാർപാപ്പയും ആവശ്യപ്പെട്ടിരുന്നു. അതേ സമയം, തലസ്ഥാനമായ കീവ് അടക്കം യുക്രെയിന്റെ മറ്റ് ഭാഗങ്ങളിൽ റഷ്യൻ ആക്രമണത്തിന് ശമനമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |