SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.32 AM IST

സെർബിയയിൽ ഭരണംനേടി വിദ്യാർത്ഥി പ്രസ്ഥാനം, അലക്സാണ്ടർ വൂചിച്ചിന്റെ 12 വർഷ ഭരണത്തിന് അന്ത്യം

serbiya

ബെൽഗ്രേഡ്: യൂറോപ്യൻ രാജ്യമായ സെർബിയയിൽ അലക്സാണ്ടർ വൂചിച്ചിന്റെ (56) 12 വർഷം നീണ്ട ഭരണത്തിന് പ്രതിപക്ഷ - വിദ്യാർത്ഥി പ്രതിഷേധ പ്രസ്ഥാനമായ 'സ്റ്റുഡന്റ് ലിസ്റ്റ് ' അന്ത്യംകുറിച്ചു.

2014 മുതൽ മൂന്ന് വർഷം പ്രധാനമന്ത്രിയായും തുടർന്ന് പ്രസിഡന്റായും അധികാരത്തിൽ തുടരുകയായിരുന്നു അലക്സാണ്ടർ.

പ്രാഥമിക ഫലം അനുസരിച്ച് , പാർലമെന്റിലെ 250 സീറ്റിൽ 140 ഉം സ്റ്റുഡന്റ് ലിസ്റ്റ് നേടി. അലക്സാണ്ടറുടെ സെർബിയൻ പ്രോഗ്രസ്സീവ് പാർട്ടിയുടെ (എസ്.എൻ.എസ്) നേതൃത്വത്തിലുള്ള സഖ്യം 103 സീറ്റിൽ ഒതുങ്ങി. വിദ്യാർത്ഥികൾക്ക് പുറമേ ആക്ടിവിസ്റ്റുകളും പ്രൊഫഷണലുകളും അക്കാഡമിക് വിദഗ്ദ്ധരും കലാ-കായിക പ്രതിഭകളും സ്റ്റുഡന്റ് ലിസ്റ്റിനായി മത്സരിച്ചു.

പ്രസിഡന്റ് പദവി രാജിവച്ചാണ് അലക്സാണ്ടർ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എസ്.എൻ.എസ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. സ്പീക്കർ അന ബ്രാനാബിച് ആണ് ആക്ടിംഗ് പ്രസിഡന്റ്. ഈ തിരഞ്ഞെടുപ്പ് പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ളതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബറിലാണ്.

# വിദ്യാർത്ഥികൾക്ക്

നേതാവില്ല !


 സ്റ്റുഡന്റ് ലിസ്റ്റ് മത്സരിച്ചത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ ഔദ്യോഗിക നേതാവോ ഇല്ലാതെ. പ്രധാനമന്ത്രിയാരെന്ന് തീരുമാനിച്ചിട്ടില്ല. ഫിസിഷ്യനും പ്രൊഫസറുമായ ഇലിയ സൃഡനോവിചിനാണ് (56) സാദ്ധ്യത.

 ഭരണകൂടത്തെ താഴെയിറക്കാൻ സ്റ്റുഡന്റ് ലിസ്റ്റ് നടത്തിയത് രണ്ടു വർഷത്തോളം നീണ്ട അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾ

# അലക്സാണ്ടറുടെ തന്ത്രം പാളി


1.2027 ഡിസംബറിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അഴിമതി വിരുദ്ധ പ്രക്ഷോഭമാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള പ്രധാന കാരണം. 2024 നവംബറിൽ നോവി സാദ് നഗരത്തിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 16 പേർ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം തുടങ്ങി.

2. 2017 മുതൽ രണ്ടു തവണ പ്രസിഡന്റായ അദ്ദേഹത്തിന് ഭരണഘടന പ്രകാരം മൂന്നാമത് മത്സരിക്കാനാകില്ല. ഭരണം കൈവിടാതിരിക്കാനാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായത്. പ്രധാനമന്ത്രി പദത്തിന് ടേം നിയന്ത്രണമില്ല


# സ്ഥിരത കൈവരിച്ച നേതാവ്

അലക്സാണ്ടർ അനുയായികൾക്ക് രാജ്യത്തിന് സ്ഥിരതയും വളർച്ചയും കൊണ്ടുവന്ന 'രക്ഷകൻ'. 'സ്വേച്ഛാധിപതി'യെന്ന് വിമർശകർ. പൊതുകടം കുറച്ച് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിച്ചു. റഷ്യയുമായി അടുപ്പം പുലർത്തുമ്പോഴും യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായും ശ്രമിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യം നിയന്ത്രിച്ചു.അഴിമതി ആരോപണങ്ങൾ കളങ്കമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERNATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360