
ബീജിംഗ്: മരിച്ചെന്ന് വിധിയെഴുതി ഒരു ദിവസം മുഴുവൻ ശീതീകരിച്ച പെട്ടിയിൽ കഴിഞ്ഞ വൃദ്ധ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് അവകാശവാദം. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം. തലച്ചോറിൽ രക്തം കട്ടപിടിച്ചതും ക്യാൻസറും മൂലം ഈ മാസം 8നാണ് വൃദ്ധ മരിച്ചെന്ന് കുടുംബം വിധിച്ചത്. രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ കുടുംബത്തിന്റെ പരിചരണത്തിലായിരുന്നു വൃദ്ധ. മരിച്ചെന്ന് ഉറപ്പിച്ച ശേഷം ദൂരെയുള്ള മറ്റ് ബന്ധുക്കൾക്ക് എത്തിച്ചേരാനും അന്ത്യോപചാരം അർപ്പിക്കാനുമായി മൃതദേഹം ഒരു സാധാരണ ഫ്രീസർ ശവപെട്ടിയിലേക്ക് (ഡീപ്പ് ഫ്രീസ് ക്രമീകരണമല്ല) മാറ്റുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വൈകിട്ട് ഫ്രീസർ പെട്ടിക്ക് ഉള്ളിൽ നിന്ന് നേർത്ത ഒരു മൂളൽ ശബ്ദം കേട്ടു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ പെട്ടി തുറന്നപ്പോൾ വൃദ്ധ ശ്വസിക്കുന്നത് കണ്ടു. കണ്ണുകൾ തുറന്നെങ്കിലും തീരെ അവശയായിരുന്നു. ഈമാസം 11ന് വൃദ്ധ മരണപ്പെട്ടു. വൃദ്ധയുടെ ഒരു ബന്ധു ഓൺലൈനിലൂടെയാണ് സംഭവം വെളിപ്പെടുത്തിയത്. അതിനാൽ സംഭവത്തിന് പിന്നിൽ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് വ്യക്തമല്ല. ഒരുപക്ഷേ, കൃത്യമായ വൈദ്യ പരിശോധനയില്ലാതെ വൃദ്ധ മരിച്ചെന്ന് നിർണയിച്ചതിലെ പിഴവാകാം സംഭവത്തിന് പിന്നിലെന്ന് ചിലർ വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |