ഗ്രേറ്റർ നോയിഡ: സർക്കാർ സ്‌കൂളുകളുടെ മോശം അവസ്ഥ പരിശോധിക്കുന്ന ' ക്യാമ്പയിനുമായി എത്തിയ കോക്ക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സംഘത്തെ ഗ്രേറ്റർ നോയിഡയിൽ നാട്ടുകാർ തടഞ്ഞു. സി.ജെ.പി സഹകൺവീനർ സൗരവ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സ്‌കൂളിൽ പ്രവേശിക്കുന്നതിൽ നിന്ന് നാട്ടുകാർ വിലക്കിയത്. സംഘത്തിന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നാട്ടുകാർ ചോദ്യമുയർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ അറിയാൻ തങ്ങൾക്കു പുറത്തുനിന്നുള്ള പരിശോധന ആവശ്യമില്ലെന്ന നിലപാടാണ് ചില നാട്ടുകാർ സ്വീകരിച്ചത്.
അതേസമയം തങ്ങളുടെ സന്ദർശനത്തിന് മുമ്പ് ചില സർക്കാർ സ്‌കൂളുകൾ പൂട്ടിയിട്ടിരുന്നുവെന്ന് സൗരവ് ദാസ് ആരോപിച്ചു. ദേവ്ല ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലെത്തിയപ്പോൾ സ്‌കൂൾ പൂട്ടിയ നിലയിലായിരുന്നുവെന്നും സമീപത്ത് ചില വിദ്യാർത്ഥികളെ കണ്ടതായും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി. തങ്ങളെ പിന്തുടരുന്നതായി സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത കാറിന്റെ ചിത്രവും ദാസ് പുറത്തുവിട്ടു. 'യു.പി സർക്കാർ തങ്ങളുടെ സന്ദർശനങ്ങളെ നിയന്ത്രിക്കുന്നത് എന്തിനാണ്' എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
സെപ്തംബർ 15ന് ഗർഹി ചൗഖണ്ഡിയിലെ സർക്കാർ പ്രൈമറി സ്‌കൂൾ സി.ജെ.പി സംഘം സന്ദർശിച്ചിരുന്നു. സ്‌കൂളിലെ ശുചിമുറികളടക്കമുള്ള സൗകര്യങ്ങൾ സംഘം രേഖപ്പെടുത്തി. തുടർന്ന് നാല് സ്‌കൂളുകളിൽ കൂടി പ്രവേശനം നിഷേധിച്ചുവെന്ന് ദാസ് ആരോപിച്ചു. സി.ജെ.പി സംഘത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ ഗൗതം ബുദ്ധ നഗറിലെ സർക്കാർ സ്‌കൂളുകൾ അടച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ജില്ലാ ബേസിക് എജ്യൂക്കേഷൻ ഓഫീസർ രാഹുൽ പൻവാർ ആരോപണം നിഷേധിച്ചു. സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകൾ നിശ്ചിത സമയക്രമപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും സ്‌കൂളുകൾ അടയ്ക്കാൻ ഉത്തരവൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് ആരംഭിച്ച 'സ്‌കൂൾ ഠീക് കരോ' ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകൾ സി.ജെ.പി സംഘം സന്ദർശിക്കുന്നത്. ഒഡിഷയിൽ സർക്കാർ സ്‌കൂളുകൾ സന്ദർശിച്ച സംഘം പാഠപുസ്തകങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ സ്‌കൂളുകളിലും സിജെപി പ്രവർത്തകർ ഓഡിറ്റ് നടത്തി. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കാട്ടിയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്.
നേരത്തെ ഡൽഹിയിലെ ജന്തർ മന്ദറിൽ നീറ്റ് പരീക്ഷ ക്രമക്കേടിൽ സി.ജെ.പി സമരം നടത്തിയിരുന്നു. അതിന് ശേഷമാണ് സർക്കാർ സ്‌കൂളുകളുടെ അവസ്ഥ പരിശോധിക്കുന്ന ക്യാമ്പയിനിലേക്ക് സംഘടന ശ്രദ്ധ തിരിച്ചത്.
Locals in Greater Noida blocked a team from the Cockroach Janata Party (CJP), led by co-convenor Sourav Das, preventing them from entering government schools as part of their school inspection campaign. Residents questioned the purpose of the visit, stating they do not need outsiders to look after the welfare of their children.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |