ഡെറാഡൂൺ: മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി സ്കൂൾ അധികൃതർ നടത്തിയ പരിപാടി വിവാദത്തിൽ. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ആദർശ് ഇന്ത്യ മോണ്ടിസോറി സ്കൂളിലാണ് സംഭവം. മൊബൈൽ ഉപയോഗം മൂലം കണ്ണുകൾക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തനം സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുട്ടിയുടെ കണ്ണുകൾ ബാൻഡേജ് ഉപയോഗിച്ച് മൂടുകയും കണ്ണിന് ചുറ്റും ചുവന്ന നിറത്തിലുള്ള ദ്രാവകം പുരട്ടുകയും ചെയ്തു. തുടർന്ന് ഡോക്ടർ തന്റെ രണ്ട് കണ്ണുകളും നീക്കം ചെയ്തുവെന്ന് കുട്ടി സഹപാഠികളോട് പറയുകയായിരുന്നു. ഇത് കേട്ടതോടെ മറ്റ് കുട്ടികൾ ഭയന്ന് നിലവിളിക്കുകയും കരയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുകയായിരുന്നു ലക്ഷ്യമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. മൊബൈൽ ഗെയിമുകളും സമൂഹമാദ്ധ്യമങ്ങളും ദീർഘനേരം ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങൾ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു ബാധവത്കരണത്തിലൂടെ ഉദ്ദേശിച്ചതെന്ന് അദ്ധ്യാപകർ വ്യക്തമാക്കി.
എന്നാൽ ബോധവത്കരണത്തിന്റെ പേരിൽ കുട്ടികളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കുട്ടികളെ ബോധവത്കരിക്കാൻ ഇത്തരം ഭയപ്പെടുത്തുന്ന രീതികൾ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉധം സിംഗ് നഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹരേന്ദ്ര കുമാർ മിശ്ര വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്താൻ നിർദേശിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
The school conducted a bizarre awareness exercise to highlight the harmful effects of excessive mobile phone use. A child was blindfolded, red liquid was applied around the eyes, and classmates were told that a doctor had removed the child’s eyes. Terrified students screamed and cried. Authorities ordered an investigation following criticism of the frightening method used for awareness.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |