SignIn
Kerala Kaumudi Online
Sunday, 14 June 2026 2.00 AM IST

പശ്ചിമേഷ്യ സമാധാനത്തിലേക്ക്: യു.എസ്-ഇറാൻ കരാർ ഉടൻ 24 മണിക്കൂറിനുള്ളിൽ ഒപ്പിട്ടേക്കുമെന്ന് പാകിസ്ഥാൻ

iran

ടെഹ്റാൻ: മൂന്ന് മാസത്തിലേറെയായി പശ്ചിമേഷ്യയെ ഉലയ്ക്കുന്ന ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പിട്ടേക്കും. യു.എസും ഇറാമായി മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്ന പാകിസ്ഥാനാണ് സ്ഥിരീകരിച്ചത്. കരാറിന്റെ അടുത്തെത്തിയെന്ന് യു.എസിന് പിന്നാലെ ഇറാനും സമ്മതിച്ചതോടെ ലോകം പ്രതീക്ഷയിലാണ്.

ഇരുകൂട്ടരും അന്തിമമാക്കിയ 'ഇസ്ലാമാബാദ് ധാരണാപത്ര'ത്തിലേക്ക് എത്തിച്ചേർന്നെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തി. ഏപ്രിലിൽ ഇറാൻ-യു.എസ് ചർച്ചകൾക്ക് തുടക്കമിട്ടത് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. വെർച്വലായി ഇലക്ട്രോണിക് ഒപ്പിടലിന് തയ്യാറെടുക്കുകയാണെന്നും ഷെഹ്ബാസ് അവകാശപ്പെട്ടു. യു.എസോ ഇറാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒപ്പിടീൽ ഇന്നുണ്ടാകില്ലെന്ന് ചില ഇറാനിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഇടക്കാല കരാർ പ്രകാരം ആക്രമണങ്ങൾ ഉടൻ നിറുത്തിവയ്ക്കണം. ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാന് മേലുള്ള യു.എസിന്റെ നാവിക ഉപരോധം നീക്കാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ആശ്വാസമാകും. ഹോർമുസ് തുറന്നാലും നേവൽ മൈനുകൾ നീക്കി പഴയപടിയാകാൻ 30 ദിവസമെങ്കിലും വേണ്ടിവരും. അതേസമയം, ഇന്നലെ രാവിലെയും ഹോർമുസിൽ ഇറാനിയൻ ഡ്രോണുകളെ തകർത്തെന്ന് യു.എസ് നേവി അവകാശപ്പെട്ടു.


 60 ദിവസത്തിനുള്ളിൽ

അന്തിമ ഉടമ്പടി വേണം


യുദ്ധം പൂർണമായും അവസാനിപ്പിക്കാനുള്ള നയതന്ത്ര പ്രക്രിയയുടെ ആദ്യ ഘട്ടമാണ് ഇടക്കാല കരാർ . ഒപ്പുവച്ചു കഴിഞ്ഞാൽ 60 ദിവസത്തിനകം ആണവ വിഷയത്തിൽ അടക്കം തീരുമാനമെടുത്ത് അന്തിമ ഉടമ്പടിയുണ്ടാക്കണം. ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയായേക്കും. ആണവ പദ്ധതി ഇറാൻ പൂർണമായും ഉപേക്ഷിക്കുമോ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുനൽകുമോ എന്നത് നിർണായകം.


# പരസ്‌പര വിരുദ്ധം


 ശുഭ വാർത്തയ്ക്കിടെയിലും യു.എസും ഇറാനും പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു

 ഇടക്കാല കരാറിലൂടെ ഉപരോധ ഇളവ്, ഹോർമുസിൽ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഇടാക്കാനുള്ള അധികാരം എന്നിവ നേടുമെന്ന് ഇറാൻ. ഹോർമുസിൽ ഒരുതരത്തിലെ പണപ്പിരിവും അംഗീകരിക്കില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്

 മരവിപ്പിച്ച വിദേശ ആസ്തികളിൽ ഒരു ഭാഗം ലഭിക്കുമെന്ന ഇറാന്റെ ആവശ്യം യു.എസ് അംഗീകരിച്ചിട്ടില്ല. ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തി വിട്ടുനൽകാൻ യു.എ.ഇ സമ്മതിച്ചെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും യു.എ.ഇ നിഷേധിച്ചു


# നിഷേധിച്ച് നെതന്യാഹു

ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ നിറുത്തുന്നതും ഇടക്കാല കരാറിന്റെ ഭാഗമെന്ന് റിപ്പോർട്ടുണ്ട്. തങ്ങൾ ധാരണാപത്രത്തിന്റെ ഭാഗമല്ലെന്നും അതിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. തെക്കൻ ലെബനനിലെ ആക്രമണങ്ങളിൽ ഇന്നലെ 5 പേർ കൊല്ലപ്പെട്ടു.


``കരാറിൽ ഇനിയും മാറ്റങ്ങൾ വരാം. യു.എസുമായുള്ള യുദ്ധത്തിലെ വിജയി ഇറാനാണ്.``
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360