SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.51 AM IST

ദുരൂഹം, നെക്‌ലസ് തിരോധാനം !

f

ലണ്ടൻ: പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്‌ത ആഡംബര ആഭരണ,​ വാച്ച് നിർമ്മാതാക്കളാണ് കാർട്ടിയെ. 1928ൽ പാട്യാലയിലെ മഹാരാജാവ് ആയിരുന്ന ഭൂപീന്ദർ സിംഗിനു അവർ ഒരു നെക്‌ലസ് നിർമ്മിച്ചു. കാർട്ടിയെ അതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപ്പിടിപ്പുള്ളതും വിശിഷ്‌ടവുമായ ആഭരണങ്ങളിൽ ഒന്നായിരുന്നു 'പാട്യാല നെക്‌ലസ്' എന്ന പേരിൽ അറിയപ്പെട്ട ആ ആഭരണം.

ഏകദേശം 125 മില്ല്യൺ ഡോളർ മൂല്യമുള്ള പാട്യാല നെക്‌ലസ് 2,930 വജ്രക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചത്. പാട്യാല നെക്‌ലസിന് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. അതിന്റെ മദ്ധ്യഭാഗത്ത് പതിച്ചിരുന്ന രത്നക്കല്ലായിരുന്നു അത്. അന്ന് ഉണ്ടായിരുന്നതിൽ വച്ച് ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ഡയമണ്ട് ആയിരുന്ന 'ഡി ബിയർസ് ' ആയിരുന്നു നെക്‌ലസിന്റെ മദ്ധ്യഭാഗത്ത് പതിപ്പിച്ചിരുന്നത്.

ഏതാണ്ട് മൂന്ന് വർഷം കൊണ്ട് പണിതെടുത്ത പാട്യാല നെക്‌ലസിൽ 234.65 കാരറ്റ് ഭാരമുണ്ടായിരുന്ന ഡി ബിയർസിനെ കൂടാതെ 18 മുതൽ 73 കാരറ്റ് വരെയുള്ള വലിയ ഡയമണ്ടുകളും ബർമീസ് മാണിക്യക്കല്ലുകളും ഉണ്ടായിരുന്നു.

എന്നാൽ, പാട്യാല രാജാവിന്റെ വിശിഷ്ടമായ ഈ നെക്‌ലസിനെ തേടി വൈകാതെ ഒരു ദുർവിധിയെത്തി. 1948ൽ പാട്യാല റോയൽ ട്രഷറിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നെക്‌ലസ് കാണാതായി. വർഷങ്ങൾക്ക് ശേഷം 1998ൽ നെക്‌ലസിന്റെ ഒരു ഭാഗം ലണ്ടനിലെ ജ്വല്ലറി ഷോപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. കാർട്ടിയെ കമ്പനി ജീവനക്കാരനായിരുന്ന എറിക് നസ്ബോമാണ് പാട്യാല നെക്‌ലസിന്റെ ഭാഗം തിരിച്ചറിഞ്ഞത്. പക്ഷേ, നെക്‌ലസിന്റെ മദ്ധ്യത്തുണ്ടായിരുന്ന ഡി ബിയർസ് ഡയമണ്ടുൾപ്പെടെയുള്ള അമൂല്യ വജ്രക്കല്ലുകളും മാണിക്യകല്ലുകളും അപ്രത്യക്ഷമായിരുന്നു.

ഡി ബിയർസ് ഡയമണ്ടുൾപ്പെടെയുള്ളവ കണ്ടെത്താൻ കാർട്ടിയെ ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ നാല് വർഷത്തിന് ശേഷം സിന്തറ്റിക് ഡയമണ്ടുകൾ ഉപയോഗിച്ച് പാട്യാല നെക്‌ലസിന്റെ ഒരു പകർപ്പ് കാർട്ടിയെ നിർമ്മിച്ചു. യഥാർത്ഥത്തിൽ പാട്യാല നെക്‌ലസ് കാണാതായത് എങ്ങനെയാണെന്നോ അതിലെ അമൂല്യ രത്നങ്ങൾ എവിടെയാണെന്നോ ഇന്നും അജ്ഞാതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360