SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.16 PM IST

'മിന്നൽ പ്രളയത്തിന് കാരണം ഞങ്ങളല്ല'; ഇന്ത്യയും ചൈനയും അമേരിക്കയും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

READ ENGLISH VERSION
nepal
നേപ്പാൾ ദുരന്തത്തിൽ നിന്ന്

കാഠ്‌മണ്ഡു: രാജ്യത്തുണ്ടായ മിന്നൽ പ്രളയത്തിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ സംബന്ധമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുൻപന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്ന് നേപ്പാൾ അറിയിച്ചു.

പ്രളയദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യപ്രവർത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ധാർമ്മികവും നിയമപരവുമായ ബാദ്ധ്യതയാണെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. കാന്തിപൂർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് കുറവാണെങ്കിലും ആഗോളതാപനത്തിന്റെ കനത്ത ദുരന്തഫലങ്ങൾ അനുഭവിക്കേണ്ട വരുന്നത് തങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞങ്ങൾ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഹിമാനികൾ അതിവേഗം ഉരുകുന്നതും ഹിമാലയൻ മലനിരകളിലുണ്ടാകുന്ന പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. നേപ്പാൾ അതിന്റെ നയതന്ത്ര ചട്ടക്കൂടിനെ 'സഹായം' എന്നതിൽ നിന്ന് 'നീതിയും നഷ്ടപരിഹാരവും' എന്നതിലേക്ക് മാറ്റുകയാണ്. ഇത് ദാനധർമ്മത്തിന്റെ കാര്യമല്ല. നിയമപരവും ധാർമ്മികവുമായ ബാദ്ധ്യതയുടെ കാര്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഈ രാജ്യങ്ങൾക്ക് നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ചരിത്രപരമായ ബാദ്ധ്യതയുണ്ട്. ഹിമാലയൻ ഹിമാനികൾ ഇല്ലാതായാൽ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്'- ശിശിർ ഖനാൽ പറഞ്ഞു.

ടിബറ്റ് - നേപ്പാൾ അതിർത്തി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകർച്ചയെയും തുടർന്നാണ് നേപ്പാളിൽ മിന്നൽ പ്രളയം ഉണ്ടായത്. മരിച്ചവരുടെ എണ്ണം 1100 കടന്നു. 1125 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇപ്പോഴും 4500ഓളം ആളുകളെ കണ്ടെത്താനായിട്ടില്ല.

English Summary

Nepal has sought climate-related compensation from India, China and the United States following a devastating flash flood in the country. Foreign Minister Shishir Khanal said assistance after such disasters should not be viewed as charity, but as a moral and legal responsibility of developed countries that contribute significantly to global greenhouse gas emissions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL CLIMATE COMPENSATION, NEPAL FLASH FLOOD, CLIMATE CHANGE, GREENHOUSE GAS EMISSIONS, NEPAL FLOOD DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360