SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.05 AM IST

മൂന്നാം വർഷവും പൊന്നിലേക്ക് അനീഷ

school-sports

കോഴിക്കോട്: കുന്നോളമുണ്ട് വീട്ടിലെ കടബാധ്യത. മഴ പെയ്താൽ വീട് ചോർന്നൊലിക്കും.വായ്പയെടുത്താണ് ജീവിത ചെലവുകൾ കൊണ്ടുപോകുന്നത്. ആദ്യമായി മത്സരത്തിനിറങ്ങിയതും കൂട്ടുകാരിയിൽ നിന്നും കടം മേടിച്ച ഷൂവുമായി. അന്ന് ട്രാക്കിൽ നേടിയ സ്വർണം അനീഷയ്ക്ക് പുത്തൻ ഷൂ സമ്മാനിച്ചു. അതേ ഷൂവുമണിഞ്ഞ് ഇത്തവണയും ട്രാക്കിലിറങ്ങി. കാഴ്ചയുടെ പരിമിതിയും ജീവിതത്തിലെ പ്രതിസന്ധികളും തോൽപ്പിക്കാതെ അനീഷ കെ. വീണ്ടും ഓടി, വീണ്ടും ഒന്നാമതായി. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗം 100 മീറ്ററിൽ തുടർച്ചയായ മൂന്നാം വർഷമാണ് അനീഷ സ്വർണം നേടുന്നത്.

പാലക്കാട് കൊടുമ്പ് മിഥുനംപള്ളം സ്വദേശിയായ അനീഷ ജന്മനാ കാഴ്ചപരിമിതിയുള്ള കുട്ടിയാണ്. അച്ഛൻ കൃഷ്ണൻകുട്ടിക്കും തിമിരമാണ്. നാലാം വയസ്സിൽ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് അനീഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. എങ്കിലും പൂർണമായ കാഴ്ച ശക്തി ലഭിച്ചില്ല. പരിമിതികൾക്കിടയിലും പഠനത്തിലും കായികരംഗത്തും മുന്നേറാനുള്ള ആഗ്രഹം അനീഷ കൈവിട്ടില്ല. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അനീഷ. വീടിനായി ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കൃഷ്ണൻകുട്ടി കിണർവല കച്ചവടം നടത്തിയാണ് കുടുംബം പുലർത്തുന്നത്. അമ്മ സരസ്വതി വീട്ടമ്മയാണ്. അശ്വതിയും ശ്രീലക്ഷ്മിയുമാണ് സഹോദരിമാർ.

കൂട്ടുകാരിയുടെ ഷൂവിൽനിന്ന്

സ്വർണക്കുതിപ്പിലേക്ക്

2024-ൽ മത്സരത്തിനെത്തിയപ്പോൾ അനീഷയുടെ കൈവശം സ്വന്തമായി ഷൂ ഉണ്ടായിരുന്നില്ല. കൂട്ടുകാരിയുടെ ഷൂ ധരിച്ചാണ് അന്ന് ട്രാക്കിലിറങ്ങിയത്. മത്സരത്തിൽ സ്വർണം നേടിയതോടെ ഒരു സ്പോൺസർ സഹായവുമായെത്തി. ആ ഷൂവുമായാണ് പിന്നീട് മത്സരങ്ങൾ .സ്റ്റാൻഡിംഗ് ജമ്പിൽ മൂന്നാം സ്ഥാനവും ഇത്തവണ നേടി. രതീഷ് ചിറ്റൂർ ആണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360