SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.05 AM IST

ഈ ഇരട്ടകളുടെ സ്വർണം അമ്മയുടെ കണ്ണീരൊപ്പാൻ

school-meet

കോഴിക്കോട്: പകൽ പഠനം, ഒഴിവുസമയങ്ങളിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലി. കിട്ടുന്ന വരുമാനം കുടുംബത്തിന് താങ്ങാകാൻ. കളിക്കളത്തിൽ സ്വർണം നേടുമ്പോഴും മനസ്സുനിറയെ ഒരേയൊരു സ്വപ്നം. മറ്റു വീടുകളിൽ അടുക്കളപ്പണിക്ക് പോകുന്ന അമ്മയെ ആ ജോലിയിൽനിന്ന് മോചിപ്പിക്കണം. കുടുംബത്തെ കരകയറ്റണം. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശികളായ ഇരട്ടസഹോദരങ്ങളായ ലിവിനും ലിജിനും ഈ ആഗ്രഹം പൂർത്തീകരിക്കാൻ ജോലിത്തിരക്കുകളിൽനിന്ന് ലീവെടുത്ത് എത്തിയപ്പോൾ 68-ാമത് സംസ്ഥാന സ്കൂൾ കായികമേള സ്വർണം നൽകിയാണ് സ്വീകരിച്ചത്. ഇൻക്ലൂസീവ് മിക്സഡ് സ്റ്റാൻഡിംഗ് ത്രോബോൾ മത്സരത്തിലാണ് സ്വർണനേട്ടം.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ലിവിനും ലിജിനും ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതാനുള്ള കരുത്തുകൂടിയാണ് ഈ സ്വർണം. ഇവർക്കൊപ്പം ജിൻസ് ഫ്രാൻസിസ്,ഫിദാ സുൽത്താന, സഫ സുമയ്യ, ആകാശ് എ എ എന്നിവരടങ്ങുന്നതാണ് ടീം. ഒരാൾ ഒഴികെ മറ്റുള്ളവർ എല്ലാം വ്യത്യസ്ത പരിമിതികൾ നേരിടുന്നവരാണ്. വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ലിവിനും ലിജിനും. ലിവിൻ പ്ലസ് വണ്ണിലും ലിജിൻ പ്ലസ് ടുവിലും പഠിക്കുന്നു. ലിവിൻ 400, 1500 മീറ്റർ ഓട്ടമത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.

രണ്ടുവർഷം മുൻപ് മീൻപിടിക്കാൻ കടലിൽ പോയപ്പോഴാണ് ലിവിന്റേയും ലിജിന്റേയും അച്ഛൻ അനിൽ അപകടത്തിൽ മരിച്ചത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ അമ്മ അരുൾഷിയുടെ ചുമലിലായി. അടുക്കളപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനംകൊണ്ടാണ് അമ്മ കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്. അമ്മയുടെ അധ്വാനത്തിന് താങ്ങാകാൻ മക്കളും ജോലിക്കിറങ്ങി. മൂത്ത സഹോദരൻ ലിജോ ഓട്ടോറിക്ഷ ഓടിച്ച് കുടുംബത്തെ സഹായിക്കുന്നു. ലിവിനും ലിജിനും പഠനത്തോടൊപ്പം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ജോലികൾക്കും പോകും. ഇടയ്ക്ക് കടലിൽ മീൻപിടിക്കാനും റെഡി.

സ്വർണത്തിന് ഇരട്ടിമധുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മത്സരിക്കുന്നത് ഇതാദ്യമല്ല. 2024-ലെ കായികമേളയിൽ പങ്കെടുത്ത ലിവിൻ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം മത്സരിച്ച ലിജിന് വെള്ളിയാണ് ലഭിച്ചത്. ഇത്തവണ ഇരുവരും ഒരുമിച്ച് സ്വർണം നേടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360